തലസ്ഥാനത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു: ഇന്ന് 259 പേര്‍ക്ക് കോവിഡ്; ആകെ രോഗികൾ 3000 കടന്നു
Kerala

തലസ്ഥാനത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു: ഇന്ന് 259 പേര്‍ക്ക് കോവിഡ്; ആകെ രോഗികൾ 3000 കടന്നു

241 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

By News Desk

Published on :

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് സാഹചര്യം ഗുരുതരമായി തന്നെ തുടരുകയാണ്. ഇന്ന് മാത്രം ജില്ലയില്‍ 259 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 241 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ചികിത്സയിൽ ഉള്ള ആകെ രോഗികൾ 3000 കടന്നു.

ജില്ലയിൽ 14 ആരോഗ്യപ്രവർത്തകർക്കും രോഗബാധയുണ്ടായി. അതേ സമയം തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 168 പേർ രോഗമുക്തി നേടിയെന്നത് നേരിയ ആശ്വാസം നൽകുന്നു.

ഡാഷ്ബോര്‍ഡ് നല്‍കുന്ന വിവരം അനുസരിച്ച്‌ ജില്ലയില്‍ ഇതുവരെ 4493 പേര്‍ക്കാണ് രോഗം വന്നത്(ഇപ്പോഴുള്ള കണക്ക് പ്രകാരം). 1434 പേര്‍ രോഗമുക്തിയും നേടിയിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ 3043 പേരാണ് രോഗം മൂലം ചികിത്സയിലിരിക്കുന്നത്. ജില്ലയില്‍ ഇതുവരെ 13 പേര്‍ രോഗം മൂലം മരണപ്പെട്ടിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇന്നും നാലക്കം കടന്നു. ഇന്ന് ആകെ 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഉള്‍പ്പെടാതെ, കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Anweshanam
www.anweshanam.com