വഴി വെട്ടൽ സമരം താൽക്കാലികമായി നിർത്തിവച്ച് പറമ്പിക്കുളം ആദിവാസി കൂട്ടായ്മ

ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങിയ പ്രതിഷേധമാണ് അവസാനിപ്പിച്ചത്.
വഴി വെട്ടൽ സമരം താൽക്കാലികമായി നിർത്തിവച്ച് പറമ്പിക്കുളം ആദിവാസി കൂട്ടായ്മ

പാലക്കാട്: പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ റോഡ് നിർമ്മിക്കുമെന്ന സർക്കാർ ഉറപ്പിൽ വിശ്വസിച്ച് പറമ്പിക്കുളം ആദിവാസി കൂട്ടായ്മയുടെ വഴി വെട്ടൽ സമരം താൽക്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനമായി. തേക്കടി അല്ലിമൂപ്പൻ കോളനിയിൽ ചേർന്ന ഊരുകൂട്ടത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

കേരളത്തിലൂടെ റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങിയ പ്രതിഷേധമാണ് പറമ്പിക്കുളം ആദിവാസി കൂട്ടായ്മ അവസാനിപ്പിക്കുന്നത്. തേക്കടി മുതൽ ചെമ്മണാംപതിവരെയുള്ള 3 കിലോമീറ്റർ ദൂരം കാട് വെട്ടിതെളിച്ച് വനപാത നിർമ്മിച്ചെങ്കിലും തുടർ പ്രവൃത്തികൾ തത്ക്കാലം നിർത്തിവെക്കാനാണ് ആദിവാസി കൂട്ടായ്മയുടെ തീരുമാനം.

സാങ്കേതിക പഠനം നടത്തി രണ്ട് മാസത്തിനുള്ളിൽ റോഡ് നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സർക്കാർ ഉറപ്പ് നൽകിയത്. എന്നാൽ ഡിസംബർ 12 വരെ കാത്തിരിക്കാനും നടപടിയുണ്ടായില്ലെങ്കിൽ വനപാത നിർമാണവുമായി മുന്നോട്ട് പോകാനുമാണ് ആദിവാസി കൂട്ടായ്മയുടെ തീരുമാനം.

അനുമതിയില്ലാതെ വനപാത നിർമ്മിച്ച കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. സമരത്തിൽ നിന്ന് പിന്നോട്ട് പോയതിനാൽ കേസ് പിൻവലിക്കാനുള്ള നടപടിയെടുക്കുമെന്ന് ജില്ല കളക്ടർ പറഞ്ഞു.

അതേസമയം, തേക്കടി മുതൽ ചെമ്മണാംപതിവരെയുള്ള റോഡ് നിർമാണം പൂർണമായി സാധ്യമല്ലെന്നാണ് ജിയോളജി വകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. കൂടാതെ റോഡ് നിർമാണത്തിന് ഒരു ഹെക്റ്റർ വനഭൂമി ഏറ്റെടുക്കണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയും വേണം. എന്നാൽ ഇതിന് സാധിച്ചില്ലെങ്കിൽ മറ്റ് ബദൽ റോഡുകളുടെ സാധ്യതയും സർക്കാർ തേടുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com