ട്രഷറി തട്ടിപ്പ്: പ്രതികളായ ബിജുലാലും ഭാര്യ സിനിയും ഒളിവില്‍
Kerala

ട്രഷറി തട്ടിപ്പ്: പ്രതികളായ ബിജുലാലും ഭാര്യ സിനിയും ഒളിവില്‍

ട്രഷറിയില്‍ ഉപയോഗിക്കുന്ന സോഫ്റ്റുവെയറില്‍ പോരായ്മകള്‍ ഏറെയാണ്.

By News Desk

Published on :

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് രണ്ട് കോടി തട്ടിയ കേസിലെ പ്രതികളായ ബിജുലാലും ഭാര്യ സിനിയും ഒളിവില്‍. ഇവര്‍ക്കായി വഞ്ചിയൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ ട്രഷറി ജോയിന്റ് ഡയരക്ടര്‍ വിജിലന്‍സ് നാളെ തീരുമാനമെടുക്കും. അന്വേഷണത്തിന് ധനമന്ത്രിയും ഉത്തരവിട്ടിട്ടുണ്ട്.

പരാതി കിട്ടിയതിന് പിന്നാലെ ബിജുലാലിന്റെ കരമനയിലുള്ള വീട്ടിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ബിജുലാലും ഭാര്യ സിനിയും ഒളിവില്‍ പോയെന്നാണ് പോലീസിന്റെ നിഗമനം. കേസില്‍ വിശദമായ അന്വേഷണത്തിന് ട്രഷറി വിജിലന്‍സ് ജോയിന്റ് ഡയറക്ടര്‍ വി.സാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ തുക തട്ടിയെടുത്തിട്ടുണ്ടാകാം എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ട്രഷറിയില്‍ ഉപയോഗിക്കുന്ന സോഫ്റ്റുവെയറില്‍ പോരായ്മകള്‍ ഏറെയാണ്.

സംഘടിതമായി പണം തട്ടാനുള്ള പഴുതുണ്ട്. തുക രേഖപ്പെടുത്തി മറ്റൊരു അക്കൗണ്ടിലേക്ക് പോയാലും അതേ തുക ട്രഷറിയില്‍ ശേഷിക്കുന്നതായി കാണിക്കാറുണ്ട്. ഇതിന്റെയെല്ലാം മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്. കൂടുതല്‍ പേര്‍ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്. രണ്ട് കോടി രൂപ തന്റെ ട്രഷറി സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റിയാണ് ബിജുലാല്‍ തട്ടിപ്പ് നടത്തിയത്. ഇതില്‍ നിന്ന് 62 ലക്ഷം രൂപ പിന്നീട് സ്വകാര്യബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്കും മാറ്റി. ബിജുലാലിന്റെയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com