
തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി കേസിലെ മുഖ്യപ്രതി ബിജുലാല്‍ ഇന്ന് കീഴടങ്ങിയേക്കും. കേസില്‍ ഭാര്യ സിമിക്ക് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് രണ്ടാം പ്രതിയാക്കിയതെന്ന് വഞ്ചിയൂര്‍ പൊലീസ് അറിയിച്ചു. ധനവകുപ്പ് നിയോഗിച്ച പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. അഞ്ച് ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കഴിഞ്ഞ മെയ് 31 നാണ് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍നെയിം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. ജൂലൈ 27നാണ് പണം മോഷ്ടിച്ചത്. സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് തന്റെ ട്രഷറി അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഘട്ടംഘട്ടമായി ഉദ്യോഗസ്ഥന് പണം മാറ്റി. അക്കൗണ്ടിലേക്ക് പണം മാറ്റിയശേഷം ഇടപാടിന്റെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍ പണം കൈമാറ്റത്തിനുള്ള ഡേ ബുക്കില്‍ 2 കോടിയുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വെട്ടിപ്പ് പുറത്തറിഞ്ഞത്.
ഇതേ തുടര്‍ന്ന് ബിജുലാലിന്റെ കരമനയിലുള്ള വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ബിജുലാലും ഭാര്യ സിനിയും ഒളിവില്‍ പോയെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതല്‍ തുക തട്ടിയെടുത്തിരിക്കാം എന്നാണ് പോലീസ് പറയുന്നത്. ബിജുലാലിന്റെയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണത്തിന് ട്രഷറി വിജിലന്‍സ് ജോയിന്റ് ഡയറക്ടര്‍ വി.സാജനെ ചുമതലപ്പെടുത്തി.