എന്തിനാണീ ക്രൂരത; മാന്യമായി ജീവിക്കാൻ ഞങ്ങളെ അനുവദിക്കണം: പൊട്ടിക്കരഞ്ഞ് സജന ഷാജി ചോദിക്കുന്നു

‘ജീവിക്കാൻ സമൂഹം സമ്മതിക്കില്ലെങ്കിൽ പിന്നെ ഞങ്ങളൊക്കെ എന്ത് ചെയ്യണം ?’
എന്തിനാണീ ക്രൂരത; മാന്യമായി ജീവിക്കാൻ ഞങ്ങളെ അനുവദിക്കണം: പൊട്ടിക്കരഞ്ഞ് സജന ഷാജി ചോദിക്കുന്നു

കൊച്ചി: എന്തിനാണീ ക്രൂരത, ഇനിയും എത്ര കാലം നാം ട്രാൻസ്ജെൻഡറുകളെ അകറ്റി നിർത്തും. ജീവിക്കാൻ വേണ്ടിയുള്ള അവരുടെ പോരാട്ടത്തെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കുന്നത് അവസാനപ്പിക്കേണ്ടതുണ്ട്. ട്രാൻസ്‌ജെൻഡർ സജന ഷാജി സാമൂഹ്യമാധ്യത്തിൽ പങ്കുവെച്ച് വീഡിയോ നമ്മോട് ഓർമിപ്പിക്കുകയാണ് ഇക്കാര്യങ്ങൾ.

‘ജീവിക്കാൻ സമൂഹം സമ്മതിക്കില്ലെങ്കിൽ പിന്നെ ഞങ്ങളൊക്കെ എന്ത് ചെയ്യണം ?’ സജന ഷാജി നിറകണ്ണുകളോടെ ചോദിക്കുന്ന ചോദ്യം നമ്മൾ ഉൾപ്പെട്ട സമൂഹത്തോടാണ്. കാക്കനാട്-തൃപ്പൂണിത്തുറ ബൈപ്പാസിലെ വഴിയരികിൽ ഭക്ഷണം വിറ്റ് ജീവിക്കുകയാണ് സജന അടക്കമുള്ള അഞ്ച് ട്രാൻസ്ജൻഡർമാർ.

ബിരിയാണിയും ഊണുമെല്ലാം പൊതി കെട്ടി വഴിയരികിൽ കൊണ്ടുപോയി വിറ്റ് നല്ല രീതിയിൽ ജീവിച്ചുപോരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇവർക്ക് അടുത്തായി ഇതേ കച്ചവടം നടത്തുന്ന ആളുകൾ ഇവരെ ഉപദ്രവിച്ചത്. വാക്കുകൾ കൊണ്ടുള്ള അപമാനത്തിന് പുറമെ ഇവരുടെ കച്ചവടം മുടക്കുന്ന പണിയാൻ ഇവരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതോടെ തങ്ങൾ കഴിഞ്ഞ ദിവസം വിൽക്കാനായി എത്തിച്ച 150 ബിരിയാണികളിൽ 20 എണ്ണം മാത്രമാണ് ഇവർക്ക് വിൽക്കാൻ സാധിച്ചത്. ബാക്കി ബിരിയാണിയും ഊണും വിൽക്കാൻ സാധിക്കാതെ വന്നതോടെ ഏറെ ദുരിതത്തിലായിരിക്കുകയാണ് ഇവർ.

ഇന്ന് ഞാൻ ഉണ്ടാക്കികൊണ്ടുപോയ ഭക്ഷണം മുഴുവൻ ബാക്കി ആയി. 20 ഊണും, 150 ബിരിയാണിയുമാണ് ഉണ്ടാക്കിയത്. ഇതിൽ നിന്ന് ആകെ വിറ്റ് പോയത് 20 ബിരിയാണി മാത്രമാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. നാളെ സാധനമെടുക്കാൻ പോലും പണമില്ല. ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി, കുടുക്ക വരെ പൊട്ടിച്ചാണ് ഞങ്ങൾ ബിരിയാണി കച്ചവടം തുടങ്ങിയത്.’

കുറച്ച് ദിവസമായി തങ്ങളെ മാനസികമായി ഇവർ പീഡിപ്പിക്കുകയാണെന്ന് സജന കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. ഇവർക്ക് നേരെ നടക്കുന്ന വാക്കുകൾ കൊണ്ടുള്ള അതിക്രമവും ഇവർ തുറന്ന് കാണിക്കുന്നു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും വിഷയത്തിലിടപെടാൻ പൊലീസ് വിസമ്മതിച്ചുവെന്നും സജന പറയുന്നു.

Related Stories

Anweshanam
www.anweshanam.com