എണ്ണ ചോര്‍ച്ച ഉണ്ടായ വിവരം അറിയിക്കാന്‍ കമ്പനി വൈകി; റിപ്പോർട്ട് നൽകി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

എണ്ണ ചോര്‍ച്ച ഉണ്ടായ വിവരം അറിയിക്കാന്‍ കമ്പനി വൈകി; റിപ്പോർട്ട് നൽകി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറിയില്‍ എണ്ണ ചോര്‍ച്ച ഉണ്ടായ വിവരം അറിയിക്കാന്‍ കമ്പനി വൈകിയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കളക്ടര്‍ക്ക് നല്‍കി. ഫാക്ടറിയിലുണ്ടായ എണ്ണ ചോര്‍ച്ച നാട്ടുകാരാണ് അറിയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കടല്‍ തീരത്ത് 4 കിലോമീറ്റര്‍ ചുറ്റളവില്‍ എണ്ണ പടര്‍ന്നിട്ടുണ്ട്. കടലിനുള്ളില്‍ എണ്ണ പടര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ച്‌ വരുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദിവസം കൂടി നിരീക്ഷണം തുടരും. ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ ഫര്‍ണസ് ഓയിലാണ് ഇന്നലെ ചോര്‍ന്നത്.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം ഇന്നലെ തന്നെ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്നു. എണ്ണയുടെ അംശം പൂര്‍ണമായും നീക്കിയ ശേഷം കമ്പനിക്ക് തുറന്നു പ്രവര്‍ത്തിക്കാം.

കടലില്‍ എണ്ണ പരന്ന സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ജില്ലാ ഭരണകൂടെ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധനവും അസാധ്യമാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com