കസ്റ്റഡിയിലിരിക്കെ മരിച്ച കഞ്ചാവു കേസിലെ പ്രതിയുടെ ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകൾ

പുത്തന്‍ വീട്ടില്‍ ഷെമീറാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍വച്ച്‌ മരിച്ചത്
കസ്റ്റഡിയിലിരിക്കെ മരിച്ച കഞ്ചാവു കേസിലെ പ്രതിയുടെ ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകൾ

തൃശൂര്‍: കസ്റ്റഡിയിലിരിക്കെ മരിച്ച കഞ്ചാവു കേസിലെ പ്രതിയുടെ ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പുത്തന്‍ വീട്ടില്‍ ഷെമീറാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍വച്ച്‌ മരിച്ചത്. സെപ്തംബര്‍ 29നാണ് 10 കിലോ കഞ്ചാവുമായി ഷെമീറിനെയും ഭാര്യയെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിയ്യൂര്‍ ജയിലിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പ്രതി കഞ്ചാവ് കിട്ടാതെ വന്നപ്പോള്‍ അക്രമാസക്തനായെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. അബോധാവസ്ഥയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്ത ദിവസം മരിച്ചു. പരിശോധനയില്‍ ഇയാളുടെ വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. നെഞ്ചില്‍ ഏഴിടത്തു മര്‍ദ്ദനം ഏറ്റിട്ടുണ്ട്.

കോവിഡ് സെന്ററില്‍ നിരീക്ഷണത്തിലിരിക്കെ ഷമീറിന് അപസ്മാരം വന്നുവെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ ഇത് കൂടെയുണ്ടായിരുന്ന പ്രതികള്‍ തള്ളിയിരുന്നു. ഷമീറിന് കൊവിഡ് സെന്ററില്‍ മര്‍ദനമേറ്റിരുന്നുവെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.

ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകളുണ്ട്. തലയ്ക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്ന് പോയിരുന്നുവെന്നും ശരീരത്തിന്റെ പിന്‍ഭാഗത്ത് ചൂരലോ ലാത്തിയോ ഉപയോഗിച്ചു തുടര്‍ച്ചയായി മര്‍ദ്ദിച്ചതിന്റെ ഫലമായി പൊട്ടി രക്തം വാര്‍ന്നൊലിച്ചിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

Anweshanam
www.anweshanam.com