സമ്പർക്കത്തിലൂടെ രോഗവ്യാപനം: മൂന്ന് ജില്ലകളിൽ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം
Kerala

സമ്പർക്കത്തിലൂടെ രോഗവ്യാപനം: മൂന്ന് ജില്ലകളിൽ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം

വിവിധ ജില്ലകളില്‍ ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് ആശങ്കയുണ്ട്

News Desk

News Desk

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണമുണ്ട്.

ആള്‍ തിരക്ക് കൂടുതലുള്ള ചാല, പാളയം തുടങ്ങിയ പ്രധാന മാര്‍ക്കറ്റുകളില്‍ കടകള്‍ തുറക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. പച്ചക്കറി, പഴം തുടങ്ങിയ കടകള്‍ പ്രവര്‍ത്തിക്കുന്നത് തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലും മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുറക്കുന്നത് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലുമായിരിക്കും.

ഇതോടൊപ്പം തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരിക്കകം, കടകംപള്ളി വാര്‍ഡുകള്‍ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. അതേസമയം, കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 657 പേര്‍ക്കാണ് സംസ്ഥാനത്ത് രോ​ഗബാധ സ്ഥിരീകരിച്ചത്. വിവിധ ജില്ലകളില്‍ ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് ആശങ്കയുണ്ട്. പരിശോധനകളുടെയും പരിശോധനാകേന്ദ്രങ്ങളുടെയും എണ്ണം കൂട്ടാനാണ് ആലോചന.

തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത ഏഴു കേസുകളാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്തത്. അവരുമായുള്ള സമ്പര്‍ക്കത്തിലൂടെ അഞ്ചു പേര്‍ക്ക് രോഗം വന്നു. തൃശ്ശൂരില്‍ ഉറവിടം അറിയാത്ത നാല് സമ്പര്‍ക്ക രോ​ഗികളില്‍ മൂന്ന് പേരും കോര്‍പറേഷന്‍ ജീവനക്കാരാണ്.

രോഗബാധിതരിലേറെയും പുറത്തുനിന്നെത്തിയവരാണെന്നതും സമ്പര്‍ക്കത്തിലൂടെയുള്ള രോഗപ്പകര്‍ച്ച ഏറക്കുറെ തടയാനാകുന്നുണ്ടെന്നതുമാണ് ആശ്വാസം. മേയ് നാലിനുശേഷം റിപ്പോര്‍ട്ട് ചെയ്ത 2811 കേസുകളില്‍ 2545 പേര്‍ പുറത്തുനിന്നു വന്നവരാണ്.

Anweshanam
www.anweshanam.com