നഗ്‌നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

കേസില്‍ നാലു പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
നഗ്‌നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

കോതമംഗലം: മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. ആര്യ, മുഹമ്മദ് യാസീന്‍, അശ്വിന്‍, ആസിഫ് , റിസ്വാന്‍ എന്നിവരെയാണ് കോതമംഗലം പൊലീസ് പിടികൂടിയിരിക്കുന്നത്. കേസില്‍ നാലു പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതി ജോലി ചെയ്യുന്ന കടയുടമയാണ് ഹണി ട്രാപ്പില്‍ കുടുങ്ങിയത്.

മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെ ആര്യ ചൊവ്വാഴ്ച രാത്രി കോതമംഗലത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇവിടെ എത്തിയ യുവാവിനെ നിര്‍ബന്ധിച്ച് യുവതിയ്‌ക്കൊപ്പം നഗ്‌നചിത്രങ്ങള്‍ എടുക്കുകയായിരുന്നു. ചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ പ്രതികള്‍ മൂന്നര ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.

പണം കയ്യിലില്ലെന്ന് പറഞ്ഞപ്പോള്‍ യുവാവിന്റെ കാറും മൊബൈല്‍ ഫോണും എടിഎം കാര്‍ഡും പ്രതികള്‍ തട്ടിയെടുക്കുകയും ഒരു രാത്രിയും പകലും മുഴുവന്‍ കോതമംഗലത്തും പരിസരത്തും യുവാവിനെ കാറില്‍ ബന്ദിയാക്കി കൊണ്ടുനടക്കുകയും ചെയ്തു. ഇതിനിടെ എടിഎമ്മില്‍ നിന്ന് 35,000 രൂപ പിന്‍വലിപ്പിച്ച് പ്രതികള്‍ കൈവശപ്പെടുത്തി.

ബുധനാഴ്ച വൈകിട്ട് നാലിന് കോട്ടപ്പടിയില്‍ എത്തിയപ്പോള്‍ മൂത്രമൊഴിക്കാനെന്ന വ്യാജേന യുവാവ് കാറിന് പുറത്തിറങ്ങുകയും ഒച്ചവെച്ച് ആളെ കൂട്ടുകയുമായിരുന്നു. നാട്ടുകാരെത്തി തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് യുവതിയെയും സുഹൃത്തിനെയും കോട്ടപ്പടി പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത് കോതമംഗലം പോലീസിന് കൈമാറി. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട മൂന്ന് സംഘാംഗങ്ങളെയാണ് പൊലീസ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com