
തിരുവനന്തപുരം: കെഎസ്എഫ്ഇയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകാന്‍ താല്പര്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ പരിശോധിക്കുമെന്നും ക്രമക്കേടുണ്ടെങ്കില്‍ തിരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
വിവരങ്ങള്‍ ചോര്‍ന്നത് ആഭ്യന്തര വകുപ്പ് നോക്കട്ടെ. വിജിലന്‍സ് പരിശോധനയുടെ ഔചിത്യം എല്ലാ സ്ഥലത്തും ഒരുപോലെയല്ല. ഔചിത്യം അനുസരിച്ച് വേണം പരിശോധനയെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.
Read also: വിജിലന്‍സ് റെയ്ഡ് ചിട്ടിയെക്കുറിച്ച് ധാരണയില്ലാതെ: കെ.എസ്.എഫ്.ഇ
അതേസമയം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ നിഷേധിച്ച് കെഎസ്എഫ്ഇ ചെയര്മാന് പിലിപ്പോസ് തോമസ് രംഗത്തെത്തി. നാൽപ്പത് ശാഖകളിൽ നടത്തിയ പരിശോധനയിൽ മുപ്പത്തിയഞ്ച് ഇടത്തും ക്രമക്കേട് ഉണ്ടെന്നും പൊള്ളച്ചിട്ടി അടക്കമുള്ളവ കണ്ടെത്തിയിട്ടുണ്ടെന്നുമാണ് വിജിലൻസ് അന്വേഷണ പശ്ചാത്തലത്തിൽ പുറത്ത് വന്നിരുന്നത്. എന്നാൽ വിജിലൻസ് പരിശോധന നടത്തിയ ഇടങ്ങളിൽ ആഭ്യന്തര പരിശോധന നടത്തിയ കെഎസ്എഫ്ഇ ഇത് നിഷേധിക്കുകയാണ്.
ബ്രാഞ്ചുകളിൽ വീഴ്ച കണ്ടെത്താൻ ഓഡിറ്റ് ടീമിന് കഴിഞ്ഞിട്ടില്ലെന്ന് കെഎസ്എഫ്ഇ ചെയര്മാൻ പിലിപ്പോസ് തോമസ് പ്രതികരിച്ചു. വിജിലൻസ് പറയുന്ന പൊള്ള ചിട്ടി അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു. സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയ ബ്രാഞ്ചുകളിൽ ഇന്ന് കെ എസ് എഫ് ഇ ആഭ്യന്തര ഓഡിറ്റ് സംഘം പരിശോധന നടത്തി. ഒരു ബ്രാഞ്ചിൽ പോലും വീഴ്ച കണ്ടെത്താനായിട്ടില്ല. കെ എസ് എഫ് ഇ യുടെ ബ്രാഞ്ചുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തലുകൾ എന്താണെന്ന് ഇതുവരെ കെ എസ് എഫ് ഐ അറിയിച്ചിട്ടുമില്ലെന്നും ചെയര്മാൻ പ്രതികരിച്ചു.