
തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി. കര്‍ശന ഉപാധികളോടെ തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ എഴുന്നള്ളത്തിന് ഇറക്കാനാണ് തൃശ്ശൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനുമതി നല്‍കിയത്. അതും ആഴ്ചയില്‍ രണ്ടു തവണ മാത്രം. നാലു പാപ്പാന്മാര് എല്ലായ്പ്പോഴും കൂടെ വേണമെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നാട്ടാന പരിപാലനചട്ട പ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് അനുമതി. ജനങ്ങളില്‍ നിന്ന് അഞ്ചു മീറ്റര്‍ അകലം പാലിക്കണം. പ്രത്യേക എലിഫന്റ് സ്ക്വാഡ് എല്ലാ എഴുന്നള്ളിപ്പിനും ഉണ്ടാകണമെന്നും ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ജില്ലാഭരണകൂടം അനുമതി നല്‍കിയത്.
തൃശ്ശൂര്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഉഷാറാണിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഫെബ്രുവരി എട്ടിന് ആനയെ പരിശോധിച്ചിരുന്നു.
നിബന്ധനകള്‍ കര്‍ശനമായി പാലിക്കാമെന്ന് ആനയുടെ ഉടമകളില്‍ നിന്ന് മുദ്രപത്രത്തില്‍ നിന്ന് എഴുതി വാങ്ങിയ ശേഷമാണ് ഉത്സവങ്ങള്‍ക്ക് ഇറക്കുക. ഇതോടെ തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പൂരങ്ങളില്‍ ഏറെ ആരാധകരുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നള്ളിപ്പിന് ഇറങ്ങിയേക്കും.
2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിക്കുന്ന ശബ്ദംകേട്ട് ഇടഞ്ഞോടി രണ്ട് പേരെ കൊലപ്പെടുത്തിയതിനെ തുടർന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുര വാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ എഴുന്നള്ളിച്ചിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ വർഷം മാർച്ചിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിരുന്നു. തൃശൂർ, പാലക്കാട് ജില്ലകളിൽ കർശന വ്യവസ്ഥകളോടെ ആഴ്ചയിൽ രണ്ട് ദിവസം എഴുന്നള്ളിക്കാമെന്ന നാട്ടാന നിരീക്ഷണ സമിതിയുടെ നിർദേശത്തെ തുടർന്നാണ് വിലക്ക് ഭാഗികമായി നീക്കിയത്.