സംസ്ഥാനത്ത് തീയേറ്ററുകള്‍ അടുത്ത ആഴ്‌ച തുറക്കും

നിലവിലെ ഷോ ടൈമിന് മാറ്റം വരും. ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധന ഇപ്പോള്‍ ആലോചനയിലില്ല
സംസ്ഥാനത്ത് തീയേറ്ററുകള്‍ അടുത്ത ആഴ്‌ച തുറക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനമായി. കൊച്ചിയിൽ ചേർന്ന തീയേറ്റർ ഉടമകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇനിയും ദീർഘനാളുകൾ തീയേറ്ററുകൾ അടച്ചിടുന്നത് ഗുണപ്രദമാകില്ലെന്ന പൊതുവികാരം യോഗത്തിലുണ്ടായി.

ഒരാഴ്‍ചത്തെ സമ്ബൂര്‍ണ ശുചീകരണത്തിന് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ അടുത്തയാഴ്‍ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉടമകള്‍. എന്നാൽ നിലവിലെ ഷോ ടൈമിന് മാറ്റം വരും. ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധന ഇപ്പോള്‍ ആലോചനയിലില്ല. സര്‍ക്കാരില്‍ നിന്ന് മറ്റ് ആനുകൂല്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ഉടമകള്‍ വ്യക്തമാക്കി.

സിനിമകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് തീയറ്റർ ഉടമകൾ അറിയിച്ചു. തീയറ്ററുകൾ തുറക്കാൻ അനുവദിച്ച മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച തീയറ്റർ ഉടമകൾ സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചാൽ തീയറ്ററുകൾ സജ്ജമായിരിക്കുമെന്നും അറിയിച്ചു. വിതരണക്കാരും നിർമാതാക്കളുമായുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ തയറാണെന്നും അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സിനിമാ തീയറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, 50 ശതമാനം കാണികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടായിരിക്കണം പ്രവർത്തനം. വിജയ് ചിത്രമായ മാസ്റ്ററിന്റെ റിലീസോടെ തീയേറ്ററുകൾ പ്രവർത്തന സജ്ജമാകുമെന്നാണ് സംഘടനാ ഭാരവാഹികൾ നൽകുന്ന സൂചന.

ഇന്ന് മുതൽ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാനായിരുന്നു സർക്കാർ അനുമതി നൽകിയിരുന്നത്. കോവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിച്ചാണ് തീയേറ്ററുകൽ പ്രവർത്തിക്കുക. തിയേറ്ററുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഇന്നലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. തിയേറ്ററുകളില്‍ ഒന്നിടവിട്ട സീറ്റുകളിലേ പ്രവേശനം പാടുളളൂവെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.

തിയേറ്ററുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ മാത്രമായിരിക്കും. മള്‍ട്ടിപ്ലെ‌ക്‌സുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഓരോ ഹാളിലും വ്യത്യസ്‌ത സമയങ്ങളില്‍ പ്രദര്‍ശനം നടത്തണം. സീറ്റുകളുടെ അന്‍പത് ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. കൊവിഡ് ലക്ഷണങ്ങളുളളവരെ ഒരിക്കലും സിനിമ ഹാളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുത്. ആവശ്യമായ മുന്‍കരുതലുകള്‍ തിയേറ്റര്‍ അധികൃതര്‍ എടുക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.

അതേസമയം തീയേറ്ററുകൾ കുടിശ്ശിക തീർക്കണമെന്ന നിലപാടിലാണ് സിനിമാ വിതരണക്കാരുടെ സംഘടന. കുടിശ്ശിക തീർത്തില്ലെങ്കിൽ തീയേറ്ററുകൾക്ക് പുതിയ സിനിമ നൽകില്ലെന്ന് വിതരണക്കാരുടെ സംഘടന അറിയിച്ചു. ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ഈ വിഷയം നാളെ ചേരുന്ന ഫിലിം ചേംബർ യോഗത്തിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് സൂചന.

Related Stories

Anweshanam അന്വേഷണം
www.anweshanam.com