കേരളത്തിലെ തിയേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാം

ടിക്കറ്റ് നിരക്കില്‍ നിലവില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി.
കേരളത്തിലെ തിയേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാം

തിരുവനന്തപുരം: കേരളത്തിലെ തിയേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആകെ സീറ്റുകളുടെ പകുതി മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളു. തിങ്കളാഴ്ചയ്ക്കകം തിയേറ്ററുകള്‍ അണുവിമുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് നിരക്കില്‍ നിലവില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

"കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കരുതലുകൾ എടുത്ത് നിയന്ത്രണങ്ങൾ കുറയ്ക്കുകയാണ്. ജനങ്ങളുടെ ഉപജീവനമാർഗം, മാനസിക- സാമൂഹ്യക്ഷേമവും സംരക്ഷിക്കാനാണ് ഈ ഇളവ്. സിനിമാശാലകൾ ജനുവരി 5 മുതൽ തുറക്കാം. ഒരു വർഷമായി തിയറ്ററുകൾ അടഞ്ഞുകിടക്കുന്നു. ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പേർ പ്രതിസന്ധിയിലാണ്. ഇതിന്‍റെ ഭാഗമായാണ് നിയന്ത്രണങ്ങളോടെ തിയറ്ററുകൾ തുറക്കുന്നത്," മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി 5 മുതൽ തുടങ്ങും. ആളുകളുടെ എണ്ണം കൃത്യമായി നിയന്ത്രിക്കണം. പൊലീസും സെക്ടറൽ മജിസ്ട്രേറ്റുമാരും അതുറപ്പാക്കും. മതപരമായ ഉത്സവങ്ങൾ സാംസ്കാരികപരിപാടികൾ കലാപരിപാടികൾ എന്നിവയ്ക്ക് ഇൻഡോറിൽ പരമാവധി 100, ഔട്ട്‍ഡോറിൽ പരമാവധി 200 പേരെയും അനുവദിക്കും. 10 മാസത്തിലേറെയായി കലാപരിപാടികൾ നടത്താനാകുന്നില്ല. അത് മൂലം കലാകാരൻമാർ ബുദ്ധിമുട്ടിലാണ്. ആ ആശങ്ക കണക്കിലെടുത്താണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുവദിക്കുന്ന പരിപാടികൾ ചട്ടമനുസരിച്ചാണ് നടത്തുന്നത് എന്ന് ഉറപ്പാക്കാൻ പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും നിയോഗിക്കും. എക്സിബിഷൻ ഹാളുകൾ നിയന്ത്രണങ്ങളോടെ അനുവദിക്കും. സ്പോർട്സ് പരിശീലനങ്ങളും അനുവദിക്കും. എസ്‍സി, എസ്‍ടി വിദ്യാർത്ഥികളുടെ ഹോസ്റ്റലുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com