സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ജില്ലാ പൊലീസ് മേധാവിക്കുള്ള ബന്ധം അന്വേഷിക്കണം

കെപിസിസി(ഐ)ജനറൽ സെക്രട്ടറി അഡ്വ. ജോൺസൺ എബ്രഹാം ഡിജിപിക്ക് കത്ത് നൽകി.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ജില്ലാ പൊലീസ് മേധാവിക്കുള്ള ബന്ധം അന്വേഷിക്കണം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളെ ഒളിവിൽ താമസിപ്പിച്ചു എന്ന ആരോപണം നേരിടുന്ന വിവാദ വ്യവസായി പള്ളിത്തോട് സ്വദേശി കിരൺ മാർഷലും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയും തമ്മിലുള്ള ബന്ധവും കൂട്ടുകെട്ടും അന്വേഷണവിധേയമാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി(ഐ)ജനറൽ സെക്രട്ടറി അഡ്വ. ജോൺസൺ എബ്രഹാം ഡിജിപിക്ക് കത്ത് നൽകി.

പ്രതികളെ ഒളിവിൽ പാർപ്പിച്ച സമയത്തും, അതിന് മുൻപും ജില്ലാ പൊലീസ് മേധാവി അവിടെ സന്ദർശനം നടത്തിയതായി ആക്ഷേപമുണ്ട്. ഇതിനായി കോവിഡ്19 പ്രോട്ടോക്കോൾ നിയമങ്ങൾ ജില്ലാ പൊലീസ് മേധാവി ലംഘിച്ചതായും നാട്ടുകാർ പറയുന്നു.

പൊലീസിൻ്റെ സഹായത്തോടെയാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയതെന്നും രക്ഷപ്പെടുവാൻ സഹായം നൽകിയതെന്നുമുള്ള ആരോപണം ഇതോടെ ബലപ്പെടുകയാണ്.

ജില്ലയിലെ കൊറോണ വ്യാപനം അതീവ ഗുരുതരമായ നൂറനാട് ഐടിബിപി ക്യാമ്പ് ഉൾപ്പെടുന്ന കണ്ടെയ്ൻമെൻ്റ് മേഖലയിൽ ജില്ലാ പൊലീസ് മേധാവി സന്ദർശനം നടത്തിയതായി അറിവില്ല. എന്നാൽ വിവാദ വ്യവസായിയുടെ വീട് നിൽക്കുന്ന റൂട്ടിൽ കണ്ടെയ്മെൻ്റ് സോൺ പ്രവർത്തനങ്ങൾ പരിശോധിക്കാൻ എന്ന വ്യാജേന അദ്ദേഹം സന്ദർശനം നടത്തിയത് ദുരൂഹമാണെന്ന് ജോൺസൺ എബ്രഹാം ആരോപിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ യാത്രാ വിവരങ്ങൾ അടങ്ങുന്ന ഡയറിയിൽ ഈ സന്ദർശന വിവരം എഴുതാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്.

ചേർത്തല താലൂക്കിൽ ഇടതുഭരണകാലത്ത് എസ്ഐ, സിഐ ചുമതലകൾ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മുൻപ് വഹിച്ചിട്ടുള്ള ജില്ലാ പൊലീസ് മേധാവിയുടെ ട്രാക്ക് റിക്കാർഡുകൾ പരിശോധിച്ചാൽ വിവാദ വ്യവസായിയുടെ ഉറ്റ ചങ്ങാതിയാണെന്ന് കണ്ടെത്താൻ കഴിയും. ജില്ലാ പൊലീസ് മേധാവിയുടെ വീട്ടിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വിവാദ വ്യവസായി ഉൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നു.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഒളിപ്പിച്ചുവെന്ന് ആരോപണമുയർന്ന വ്യവസായിയുടെ വീട്ടിൽ മുഖ്യമന്ത്രി, ജില്ലയിലെ ഇടതു മന്ത്രിമാർ,ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ, സിപിഎം നേതാക്കൾ തുടങ്ങിയവർ നിത്യ സന്ദർശകരായിരുന്നു. സമഗ്രമായ അന്വേഷണം ഇതു സംബന്ധിച്ച് നടത്തി നിയമവാഴ്ച ഉറപ്പുവരുത്തണമെന്ന് ജോൺസൺ എബ്രഹാം ആവശ്യപ്പെട്ടു.

Related Stories

Anweshanam
www.anweshanam.com