തദ്ദേശഭരണസ്ഥാപനങ്ങളുടെ അധികാരവും ഉത്തരവാദിത്തവും കൂടി വരികയാണ്: ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി
Kerala

തദ്ദേശഭരണസ്ഥാപനങ്ങളുടെ അധികാരവും ഉത്തരവാദിത്തവും കൂടി വരികയാണ്: ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി

തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രാദേശിക സര്‍ക്കാരുകള്‍ എന്ന നിലയില്‍ കൂടുതല്‍ പ്രാധാന്യം സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

News Desk

News Desk

ആലപ്പുഴ: കഴിഞ്ഞ പ്രളയത്തിന്റെയും ഇപ്പോള്‍ അഭിമുഖീകരിക്കുന്ന കോവിഡ് രോഗവ്യാപനത്തിന്റെയും പശ്ചാത്തലത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ അധികാരവും ഉത്തരവാദിത്തവും കൂടി വരികയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയിലുള്ള മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ നല്‍കി നിര്‍മ്മിച്ച മുഹമ്മ ഗ്രാമപഞ്ചായത്തിന്റെഅത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി .

തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രാദേശിക സര്‍ക്കാരുകള്‍ എന്ന നിലയില്‍ കൂടുതല്‍ പ്രാധാന്യം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഉള്‍പ്പെടെ ഈ സാമ്ബത്തിക വര്‍ഷം ഒരു കോടിയിലധികം രൂപ മുഹമ്മ പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയതായി മന്ത്രി ചൂണ്ടിക്കാട്ടി. റോഡുകളുടെ കാര്യത്തില്‍ വലിയ വികസനമാണ് മണ്ഡലത്തില്‍ ഉണ്ടായത്. ആലപ്പുഴ -മധുര റോഡിന്‍റെ നിര്‍മ്മാണ ടെന്‍ഡര്‍ ഈയാഴ്ച നടക്കുമെന്ന് മന്ത്രി പറഞ്ഞു. ഇരുനില മന്ദിരമാണ് മുഹമ്മ പഞ്ചായത്തിനായി പൂര്‍ത്തീകരിച്ചത് സ്ത്രീകള്‍ക്കുള്ള പ്രത്യേക വിശ്രമകേന്ദ്രം,ഫയലുകള്‍ സൂക്ഷിക്കാനുള്ള മുറി തുടങ്ങിയവയും പൂര്‍ത്തിയായിട്ടുണ്ട്. മുകളിലെ ഹാളിന് ഫണ്ട് ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയുടെ തുടക്കം ,ജനകീയാസൂത്രണ പ്രസ്ഥാനത്തിന്‍റെ 25 വയസ്സ് , ചിങ്ങം ആരംഭം തുടങ്ങി ഏറെ പ്രാധാന്യമുള്ള ദിവസമാണ് ഉദ്ഘാടനത്തിന് തെരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.എം.ആരിഫ് എം.പി. മുഖ്യാതിഥിയായി.ഓഫീസ് സൗകര്യങ്ങള്‍ കൂടുന്നത് അനുസരിച്ച്‌ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനവും വര്‍ധിക്കണമെന്ന് എം.പി. പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍, ജില്ല പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമന്‍, കൊച്ചുത്രേസ്യ ജയിംസ്, വി.എം.സുഗാന്ധി, പഞ്ചായത്ത് അംഗങ്ങള്‍, സി.ഡി.എസ്. അംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍,ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി.വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Anweshanam
www.anweshanam.com