
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി തള്ളി ജയില്‍ വകുപ്പ്. ആരോപണത്തില്‍ കഴമ്പില്ലെന്ന് ജയില്‍ ഡിഐജി അജയ കുമാറിന്റെ റിപ്പോര്‍ട്ട്.
ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അഭിഭാഷകന് നല്കിയ രേഖയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ഡിഐജി സമര്‍പിച്ച റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഉടന്‍ സര്‍ക്കാരിന് കൈമാറും. സ്വര്‍ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിലാണ് ജയില്‍ വകുപ്പ് അന്വേഷണം നടത്തിയത്.
ജയില്‍ ഡിഐജി സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലിലെത്തി വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു. ജയിലിലെ സന്ദര്‍ശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങലും പരിശോധിച്ചിരുന്നു.