
തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് നാലിന് ശാന്തി കവാടത്തില്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും സംസ്കാര ചടങ്ങുകള്‍ നടക്കുക. മെഡിക്കല്‍ കോളേജിലാണ് ഭൗതിക ശരീരം ഇപ്പോഴുള്ളത്. മൂന്നരയോടെ ശാന്തി കവാടത്തിലേക്ക് കൊണ്ടുപോകും. കോവിഡ് ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. 86 വയസായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്ബോള്‍ ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.
കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി. കേരളത്തിന്റെ സാഹിത്യ, സാമൂഹിക, സാംസ്കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള സുഗതകുമാരി 1934 ജനുവരി 22ന് തിരുവനന്തപുരത്താണ് ജനിച്ചത്. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍ ആണ് പിതാവ്. മാതാവ്: വി.കെ. കാര്‍ത്യായനി അമ്മ.