
തിരുവനന്തപുരം: കോവിഡ് ബാധിതയായി ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരി ടീച്ചർ ഗുരുതരാവസ്ഥയിൽ. ഇതേ തുടർന്ന് ശ്വസനപ്രക്രിയ പൂർണമായും വെന്റിലേറ്റർ സഹായത്തിലാക്കി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കവയത്രി.
ഹൃദയത്തിന്റെ പ്രവർത്തനത്തിനും തകരാർ സംഭവിച്ചിട്ടുണ്ട്. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് സുഗതകുമാരി ടീച്ചർ.
തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിയ്ക്ക് ആശുപത്രിയിലെത്തുമ്പോൾ ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസ്സമാണ് പ്രധാന പ്രശ്നമായി ഉണ്ടായിരുന്നത്.