കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍

കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ നടപടി വേണമെന്നുള്ള ഹര്‍ജികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്.
കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളില്‍ കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുമെന്നും തിരിച്ചറിയല്‍ കാര്‍ഡുകളുടെ പരിശോധന കാര്യക്ഷമമാക്കുമെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ നടപടി വേണമെന്നുള്ള ഹര്‍ജികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. അതേസമയം, കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സ്ഥാനാര്‍ത്ഥികളുടെ പരാതി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. പ്രശ്‌നബാധിതമല്ലാത്ത ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ വീഡിയോ ചിത്രീകരണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനുള്ള ചെലവ് സ്ഥാനാര്‍ത്ഥികള്‍ വഹിക്കണം എന്നാണ് നിര്‍ദ്ദേശം.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ പതിനാലിനാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാവും വോട്ടെടുപ്പ്. ഡിസംബര്‍ 16 ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം നടത്തുക.

ഇന്നലെ നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലും ശക്തമായ പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 76.04 ശതമാനമായിരുന്നു പോളിംഗ്. ബുധനാഴ്ച നടന്ന ആദ്യഘട്ടത്തില്‍ 73.12 ശതമാനമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com