'പ്രസ്താവന അനവസരത്തില്‍': എന്‍എസ്എസിനെതിരെ വെള്ളാപ്പള്ളി നടേശന്‍

വിശ്വാസത്തെക്കുറിച്ച് വോട്ടെടുപ്പ് ദിവസമല്ല അഭിപ്രായം പറയേണ്ടത്- വെള്ളാപ്പള്ളി നടേശന്‍.
'പ്രസ്താവന അനവസരത്തില്‍':  എന്‍എസ്എസിനെതിരെ വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവന അനവസരത്തിലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിശ്വാസത്തെക്കുറിച്ച് വോട്ടെടുപ്പ് ദിവസമല്ല അഭിപ്രായം പറയേണ്ടത്. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഇതിലും ഗുണം ലഭിച്ചേനെയെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

വിശ്വാസം സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്ന ജി സുകുമാരന്‍ നായരുടെ പ്രസ്ഥാവനക്കെതിരെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. ഭരണമാറ്റവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവന അനവസരത്തിലായി പോയെന്നും തന്റെ അഭിപ്രായം അകത്ത് വോട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പോളിംഗ് 55 ശതമാനമായി. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമെ അനുവദിക്കുകയുള്ളു. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

അവസാന ഒരു മണിക്കൂറില്‍ കോവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com