
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്.
പൊലീസിനെ ഉപയോഗിച്ച് രണ്ട് കുട്ടികള്‍ക്ക് മാതാപിതാക്കളെ ഇല്ലാതാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് സുരേന്ദ്രന് പറഞ്ഞു. സര്‍ക്കാര്‍ ഒരേസമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്ക്കൊപ്പം നില്‍ക്കുന്നുവെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസിന്റെയും ഭരണകൂടത്തിന്റെയും ധിക്കാരമാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തിന് കാരണമായതെന്ന് സുരേന്ദ്രന് ആരോപിച്ചു. ഹൈക്കോടതിയില്‍ നിന്ന് മണിക്കൂറുകള്‍ക്കകം സ്റ്റേ ഓര്‍ഡര്‍ വരുമെന്നറിഞ്ഞാണ് പൊലീസ് ധൃതിപ്പെട്ട് കിടപ്പാടം ഒഴിപ്പിക്കാന്‍ ശ്രമിച്ചത്.