
തിരുവനന്തപുരം: സംസ്ഥാന ചലചിത്ര അവാര്‍ഡ് വിതരണ വിവാദം അനാവശ്യമെന്ന് മന്ത്രി എകെ ബാലന്. അവാര്‍ഡ് വിതരണം നടത്തിയത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും അവാര്‍ഡ് ജേതാക്കളില്‍ ആരും ഇതിനെതിരെ പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് ജേതാക്കളെ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു സ്റ്റേജില്‍ പെരുമാറാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഓരോ അവാര്‍ഡും വിതരണം ചെയ്ത് കഴിഞ്ഞ് കൈ സാനിറ്റൈസ് ചെയ്യേണ്ടി വരും. അത് പ്രയോഗികമല്ലാത്തത് കൊണ്ടാണ് കൈകൊണ്ട് വിതരണം ചെയ്യാതിരുന്നതെന്നും മന്ത്രി എകെ ബാലന് പറഞ്ഞു. വിമര്‍ശനം ഉന്നയിച്ച സുരേഷ് കുമാറിന് പ്രത്യേക രാഷ്ട്രീയമുണ്ട് അതുകൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ വിവാദവുമായി വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ വിവാദം പ്രതിപക്ഷ നേതാവ് ഏറ്റെടുത്തത് ശരിയായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിപക്ഷ നേതാവിന്റെ യാത്രയും സ്വീകരണ യോഗങ്ങളും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നില്ലെന്നും ഇങ്ങനെ പോയാല്‍ ഓരോ സ്വീകരണയോഗവും ഓരോ കോവിഡ് ക്ലസ്റ്ററാകും എന്ന കാര്യത്തില്‍ സംശയം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.