അധികാരസ്ഥാനങ്ങളില്‍ ജാതിയും മതവും കണ്ടെത്തുന്നവര്‍ കാണിക്കുന്നത്​ ഗുരുദര്‍ശനത്തോടുള്ള തികഞ്ഞ അവജ്ഞ

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്കെതിരെ തല്‍പരകക്ഷികള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും തെറ്റായ നിലപാടുകളും ശ്രീനാരായണ ഗുരുവിന്‍റെ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണെന്ന്​ ശ്രീനാരായണ സോദരസംഘം
അധികാരസ്ഥാനങ്ങളില്‍ ജാതിയും മതവും കണ്ടെത്തുന്നവര്‍ കാണിക്കുന്നത്​ ഗുരുദര്‍ശനത്തോടുള്ള തികഞ്ഞ അവജ്ഞ

കോഴിക്കോട്​: കേരളത്തിന് അഭിമാനമായ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്കെതിരെ തല്‍പരകക്ഷികള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും തെറ്റായ നിലപാടുകളും ശ്രീനാരായണ ഗുരുവിന്‍െറ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധവും മതേതര ജനാധിപത്യ സമൂഹത്തിന്‌ വെല്ലുവിളിയുമാണെന്ന്​ ശ്രീനാരായണ സോദരസംഘം. കേരള നിയമസഭ പാസാക്കിയ ബില്ലി​െന്‍റ അടിസ്ഥാനത്തില്‍ ശ്രീനാരായണഗുരുവിന്‍െറ നാമധേയത്തില്‍ രൂപംകൊണ്ട യൂണിവേഴ്സിറ്റിയുടെ സാധ്യതകള്‍ മനസിലാക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ ചെയ്യുന്നത് വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും ഉപദേശിച്ച ഗുരുവിനോടുള്ള നിന്ദയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഒരു ജനാധിപത്യ മതേതര ഗവണ്‍മെന്‍റ്​ ഗുരുവി​ന്‍റെ നാമധേയത്തില്‍ യൂണിവേഴ്സിറ്റി തുടങ്ങുമ്ബോള്‍ അതിലെ അധികാരസ്ഥാനങ്ങള്‍ തീരുമാനിക്കുന്നത് യോഗ്യതയുടേയും പരിചയ സമ്ബന്നതയുടേയും പേരിലാകുമ്ബോള്‍ അതില്‍ ജാതിയും മതവും കണ്ടെത്തുന്നവര്‍ കാണിക്കുന്നത്​ ഗുരുദര്‍ശനത്തോടുള്ള തികഞ്ഞ അവജ്ഞയാണ്. യൂണിവേഴ്സിറ്റി വി സി, പി വി സി, രജിസ്ട്രാര്‍ സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവര്‍ അക്കാദമിക ഭരണതലങ്ങളില്‍ പ്രാഗല്‍ഭ്യമുള്ളവരും കഴിവ് തെളിയിച്ചവരുമാണെന്നിരിക്കെ ഈ വിവാദം അനാവശ്യവും ദുരുപദിഷ്ടവുമായി മാത്രമേ കേരളീയസമൂഹം വിലയിരുത്തുകയുള്ളുവെന്നും ശ്രീനാരായണ സോദരസംഘം അഭിപ്രായപ്പെട്ടു.

മറ്റ് യൂണിവേഴ്സിറ്റികളിലേത് പോലെ സയന്‍സ്, കൊമേഴ്സ്, മാനവിക വിഷയങ്ങളില്‍ യു.ജി, പി.ജി കോഴ്സുകളും ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ഉണ്ടായിരിക്കുമെന്നതും ലോകത്ത് എവിടെ നിന്നും പ്രായപരിധി കൂടാതെ പഠിക്കാന്‍ കഴിയുമെന്നതും മികച്ച സാധ്യതയാണ്. ഗുരുദര്‍ശനവും തത്വചിന്തയും പ്രാധാന്യത്തോടെ പഠിക്കുവാനുള്ള പ്രത്യേക ചെയര്‍ യൂണിവേഴ്സിറ്റിയുടെ മറ്റൊരു സവിശേഷതയാണ്. കേരളത്തില്‍ നിലവിലുള്ള പതിനാല് യൂണിവേഴ്സിറ്റികളില്‍ നിന്നും കൂടുതല്‍ പ്രാധാന്യം ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് കൈവരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും ശ്രീനാരായണ സോദരസംഘം പ്രസിഡന്‍റ്​ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശും ജനറല്‍ സെക്രട്ടറി എ. ലാല്‍സലാമും അറിയിച്ചു.

നേരത്തെ, യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി ഡോ.മുബാറക്ക് പാഷയെ നിയമിച്ചതിന് മന്ത്രി കെടി ജലീലിനെ കേരളം കണ്ട ഏറ്റവും വലിയ വർഗീയവാദിയായ മന്ത്രിയെന്നു ബിജെപി വക്താവ് സന്ദീപ്‌ വാരിയര്‍ വിശേഷിപ്പിച്ചിരുന്നു.

ശ്രീനാരായണ ഗുരു സര്‍വകലാശാല വിസിയായി ജിഹാദിയെ നിയമച്ചതിലൂടെ മത ധ്രുവീകരണത്തിന് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആരോപിച്ചു.

ഈ ആരോപണങ്ങള്‍ക്ക് എല്ലാം ചുട്ട മറുപടിയാണ്‌ ശ്രീനാരായണ സോദരസംഘം ബിജെപിക്ക് നല്‍കിയിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com