ഡോളര്‍ കടത്ത് കേസ്; അന്വേഷണ ഏജന്‍സികള്‍ ഇതുവരെ ബന്ധപ്പെട്ടില്ലെന്ന് സ്പീക്കര്‍

കസ്റ്റംസ് ചോദ്യം ചെയ്യുമെന്നത് മാധ്യമസൃഷ്ടി.
ഡോളര്‍ കടത്ത് കേസ്; അന്വേഷണ ഏജന്‍സികള്‍ ഇതുവരെ ബന്ധപ്പെട്ടില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നയതന്ത്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് മാധ്യമസൃഷ്ടി മാത്രമെന്ന് സ്‍പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വാര്‍ത്താ ദാരിദ്ര്യം കൊണ്ടാണ് ഇതുസംഭവിക്കുന്നത്. അന്വേഷണ ഏജൻസികൾ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കാനുള്ള ആവേശത്തില്‍ വ്യക്തിഹത്യയ്ക്ക് സമാനമായ വാര്‍ത്തകൊടുക്കുന്നത് ശരിയോണോയെന്ന് ചിന്തിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. തെറ്റുകാരനല്ലെന്ന് ബോധ്യമുണ്ടെന്നും പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ ഖാലിദ് ഒന്നരക്കോടി രൂപയുടെ അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന കേസില്‍ സ്വപ്‍ന സുരേഷിനെയും സരിതിനെയും ജയിലില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്. ഗള്‍ഫ് മേഖലയില്‍ വിദേശമലയാളികള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിക്ഷേപം ഉണ്ടെന്നും ഡോളര്‍ കടത്തിന് ഇതുമായി ബന്ധമുണ്ടെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് കോടതി മുഖേന സരിതിന്‍റെയും സ്വപ്നയുടെയും രഹസ്യമൊഴിയും രേഖപ്പെടുത്തി. ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കറെ കൊച്ചിയില്‍ നോട്ടീസ് നല്‍കി വിളിച്ച് വരുത്തുന്നത് കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്ന് കസറ്റംസ് കരുതുന്നു. ഈ സാഹചര്യത്തില്‍ ആദ്യം സ്പീക്കറെ അനൗദ്യോഗികമായി കണ്ട് അദ്ദേഹത്തിന്‍റെ ഭാഗം കേള്‍ക്കാനാണ് നിലവിലെ തീരുമാനം. സ്പീക്കര്‍ക്കെതിരെ പ്രതികള്‍ നല്‍കിയ മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ പിന്നീട് ഔദ്യോഗിക നടപടികളിലേക്ക് കടക്കും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com