ബാര്‍ കോഴ ആരോപണം: ചെന്നിത്തലക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടാകും

വിജിലന്‍സ് ഡയറക്ടറെ വിളിച്ചു വരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം നിലപാടെടുക്കാനാണ് സാധ്യത
ബാര്‍ കോഴ ആരോപണം: ചെന്നിത്തലക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടാകും

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുക്കൊണ്ടുള്ള ആഭ്യന്തരവകുപ്പിന്‍റെ അപേക്ഷയില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം. ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടറെ വിളിച്ചു വരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം നിലപാടെടുക്കാനാണ് സാധ്യത.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡന്‍റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്സൈസ് മന്ത്രി കെ ബാബു, മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്ന ഗൂഢാലോചനയുണ്ടെന്ന കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അടുത്തിടെയാണ് ബിജു രമേശ് ആരോപണം ആവര്‍ത്തിച്ചത്. കെ എം മാണിക്കെതിരെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ബിജുരമേശ് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ പണം വാങ്ങിയ കാര്യം വെളിപ്പെടുത്തിയിരുന്നു.

പക്ഷെ ചെന്നിത്തല അടക്കമുള്ള മറ്റ് നേതാക്കള്‍ക്കെതിരെ രഹസ്യമൊഴിയില്‍ പരാമര്‍ശം ഉണ്ടായിരുന്നില്ല. ബാര്‍കോഴയില്‍ മാണിക്കും ബാബുവിനുമെതിരെ മാത്രമായിരുന്നു വിജിലന്‍സിന്റെ അന്വേഷണം. ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കണമെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് നല്‍കിയത്. മുഖ്യമന്ത്രി അനുമതി നല്‍കിയെങ്കിലും പ്രതിപക്ഷനേതാവിനും മുന്‍മന്ത്രിമാര്‍ക്കും എതിരായ അന്വേഷണത്തിന് ഉത്തരവിറക്കാന്‍ ഗവര്‍ണ്ണറുടേയും സ്പീക്കറുടേയും അനുമതി കൂടി വേണം എന്നതാണ് ചട്ടം. ഇക്കാരണത്താലാണ് സ്പീക്കറുടെ അനുമതിക്കായി കാത്തിരിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com