
തിരുവനന്തപുരം: ബിജു രമേശിന്റെ കോഴ ആരോപണത്തെ തുടര്‍ന്ന് ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവിനെതിരെയുളള വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്കി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം ഷാജിയ്ക്കെതിരായ അന്വേഷണത്തിനും സ്പീക്കര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ആഭ്യന്തരമന്ത്രാലയത്തിന്റെ അപേക്ഷയിലാണ് സ്പീക്കര്‍ അന്വേഷണത്തിന് അനുമതി നല്‍കിയത്. ബാര്‍കോഴയില്‍ ബാറിന്റെ ലൈസന്‍സ് തുക കുറയ്ക്കാന്‍ വന്‍തുക നല്‍കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചെന്നിത്തലയ്ക്ക് പിന്നാലെ വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കുമെതിരേ ആരോപണം ഉയര്‍ന്നിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും കോഴ നല്‍കിയിരുന്നു എന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അന്ന് എം.എല്‍.എയായിരുന്ന ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് സ്പീക്കറുടെ അനുമതി തേടിയത്. മുന്‍പ് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണം എന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് നിയമോപദേശം തേടിയ ശേഷമാണ് ആഭ്യന്തരവകുപ്പ് സ്പീക്കറുടെ അനുമതി തേടിയാല്‍ മതി എന്ന് തീരുമാനിച്ചത്. ബാറുകളുടെ ലൈസന്‍സ് ഫീസ് കൊടുക്കാന്‍ അന്ന് ചെന്നിത്തലയ്ക്കും കോഴ നല്‍കിയെന്നാണ് ബിജു രമേശ് പറഞ്ഞത്.
യുഡിഎഫിലെ മറ്റൊരു എംഎല്‍എയായ കെ എം ഷാജിക്കെതിരേ അനധികൃത സ്വത്ത് സമ്ബാദനകേസിലാണ് അന്വേഷണത്തിന് അനുമതി നല്‍കിയത്. രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരേ വിജിലന്‍സിനെ കൊണ്ടു പ്രാഥമികാന്വേഷണം നടത്താന്‍ നേരത്തേ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്ക് കോടികള്‍ പിരിച്ചു നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ ഫലമായിട്ടായിരുന്നു ബാര്‍ലൈസന്‍സിന്റെ ഫീസ് 30 ലക്ഷത്തില്‍ നിന്നും 25 ലക്ഷമാക്കിയതെന്നായിരുന്നു ആരോപണം.
വിജിലന്‍സ് നേരത്തേ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ കേസ് പരിശോധിച്ചിരുന്നു. എറണാകുളം യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ കെ ബാബുവിനെ കുറ്റവിമുക്തനുമാക്കിയിരുന്നു. എന്നാല്‍ കെപിസിസി ആസ്ഥാനത്ത് എത്തി ചെന്നിത്തലയ്ക്ക് പണം നല്കിയെന്നതും ശിവകുമാറിന് പണം നല്കിയെന്നതുമായ ആരോപണം വിജിലന്‍സ് അന്വേഷിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ നിയമോപദേശം കേട്ട ശേഷമാണ് ചെന്നിത്തലയ്ക്ക് എതിരേ അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയത്.