ക്രൈം നന്ദകുമാറിനെതിരെ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി ശോഭാ സുരേന്ദ്രൻ

നന്ദകുമാറിന് പുറമെ കോട്ടയം പാലാ സ്വദേശി അജിത് കുമാറിനെതിരെയും ശോഭ പരാതി നൽകി
ക്രൈം നന്ദകുമാറിനെതിരെ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി ശോഭാ സുരേന്ദ്രൻ

കൊച്ചി: ഓൺലൈൻ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് മാധ്യമപ്രവർത്തകൻ നന്ദകുമാറിനെതിരെ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി കഴക്കൂട്ടം ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. നന്ദകുമാറിന് പുറമെ കോട്ടയം പാലാ സ്വദേശി അജിത് കുമാറിനെതിരെയും ശോഭ പരാതി നൽകി.

നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനിടെ വ്യാജരേഖകൾ ചമച്ച് വ്യക്തിപരമായി അപകീർത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അവഹേളിക്കുന്ന നുണകൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നു ആരോപിച്ചാണ് പരാതി. നിക്ഷിപ്ത താൽപര്യങ്ങൾക്കൊപ്പം ചേർന്ന് നന്ദകുമാറും അജിത്തും ഗൂഢാലോചന നടത്തിയെന്ന് വ്യക്തമായ വിവരമുണ്ടെന്ന് ശോഭ പറഞ്ഞു. ഇതിന്റെ തെളിവുകളും പരാതിക്കൊപ്പം സമർപ്പിച്ചു.

ക്രിമിനൽ ഗൂഢാലോചനയ്ക്കും വ്യക്തിഹത്യയ്ക്കും വ്യാജ രേഖ ചമയ്ക്കലിനും എതിരേ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കാനാണ് ശോഭയുടെ തീരുമാനം. പൊതുപ്രവർത്തകരും അല്ലാത്തവരുമായ, ഇത്തരത്തിൽ ആക്രമണത്തിന് ഇരയാകേണ്ടി വരുന്ന മുഴുവൻ സ്ത്രീകൾക്കും വേണ്ടിയുള്ള ഇടപെടലും പോരാട്ടവുമാണിതെന്ന് ശോഭ പ്രതികരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com