
തൃശൂര്‍: പത്ത് മാസത്തിന് ശേഷം ശോഭാ സുരേന്ദ്രന് പാര്‍ട്ടി നേതൃയോഗത്തിനെത്തി. കഴിഞ്ഞ 10 മാസമായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ശോഭ സുരേന്ദ്രന്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കുന്ന പരിപാടിക്കാണ് ഇവരെത്തിയത്.
അതേസമയം, സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ശോഭ സുരേന്ദ്രന് തയാറായില്ല. താന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും ദേശീയ അദ്ധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് ശോഭ സുരേന്ദ്രന് വിട്ടുനിന്നിരുന്നു.
എന്നാല്‍ ഇന്ന് നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ഇനി ശോഭ സുരേന്ദ്രന് പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന കടുത്ത നിലപാട് നേതൃത്വം സ്വീകരിച്ചതോടെയാണ് പത്ത് മാസത്തിന് ശേഷം ശോഭ ബിജെപി വേദിയില്‍ എത്തിയത് എന്നാണ് സൂചന. സംഘടന ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണന് ശോഭയെ ഫോണില്‍ ബന്ധപ്പെടുകയും ഇന്നത്തെ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.