കണിച്ചുകുളങ്ങര എസ്എൻഡിപി സെക്രട്ടറിയുടെ മരണം; വെള്ളാപ്പള്ളിക്കെതിരെ ആരോപണങ്ങള്‍ ശക്തം
Kerala

കണിച്ചുകുളങ്ങര എസ്എൻഡിപി സെക്രട്ടറിയുടെ മരണം; വെള്ളാപ്പള്ളിക്കെതിരെ ആരോപണങ്ങള്‍ ശക്തം

വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മഹേശന്‍ ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയിരുന്നു.

News Desk

News Desk

ആലപ്പുഴ: എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മഹേശനെ ഫോണില്‍ വിളിച്ച് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ്‌ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ മൃതദേഹം കണ്ടത്. എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് മഹേശന്‍. വെള്ളാപ്പള്ളിയും കുടുംബവും അംഗങ്ങളായുള്ള യൂണിയനിലാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് മഹേശന്റെ ആത്മഹത്യയെന്ന് ഇതിനോടകം ആരോപണമുയര്‍ന്നിട്ടുണ്ട്.

അതെ സമയം, വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുത ഉണ്ടെന്നും മൈക്രോഫിനാൻസ് കേസിൽ തന്നെ കുടുക്കാൻ ശ്രമം നടക്കുകയാണെന്നും ചൂണ്ടിക്കാട്ടി മഹേശന്‍ ക്രൈംബ്രാഞ്ചിന് നൽകിയ കത്ത് വെള്ളാപ്പള്ളിക്കെതിരെ കുരുക്കാവുകയാണ്. കേസിൽ കുടുക്കിയാൽ ആത്മഹത്യ ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നൽകിയ കത്തിൽ മഹേശൻ പറഞ്ഞിരിക്കുന്നത്.

ഈ മാസം ഒമ്പതിനാണ് മഹേശൻ ക്രൈംബ്രാഞ്ചിന് കത്ത് നൽകിയത്. 37 ലക്ഷത്തിലധികം രൂപ യൂണിയനിലേക്ക് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകാനുണ്ടെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്. ഇതിന്റെ കണക്ക് വെള്ളാപ്പള്ളിക്ക് നൽകിയിട്ടുണ്ട്. ഫെഡറൽ ബാങ്കിൽ നിന്നും വായ്പയെടുത്ത് വരവ് വെച്ച ഈ തുക വെള്ളാപ്പള്ളി തിരിച്ചടക്കേണ്ടതാണ്. ഇത് അടച്ചില്ലെങ്കിൽ തന്റെ കുടുംബം ജപ്തി നേരിടും. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച യൂണിയൻ നേതാക്കൾക്ക് ജീവൻ സമർപ്പിക്കുന്നെന്നും മഹേശൻ കത്തിൽ പറഞ്ഞിട്ടുണ്ട്.

തന്‍റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് യൂണിയൻ ഭാരവാഹികൾക്കും ഈ മാസം 14ന് മഹേശൻ കത്ത് നൽകിയിരുന്നു. മുപ്പതിലധികം പേജുള്ള കത്താണ് ഇത്. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ കൂടിയായിരുന്നു മഹേശൻ. നിസ്വാർത്ഥ സേവനം നടത്തിയിട്ടും തനിക്കെതിരെ നിരവധി കേസുകൾ ഉണ്ടായി. യൂണിയൻ പ്രവർത്തനങ്ങൾ എല്ലാം കൃത്യമായ കണക്കുകളോട് കൂടിയായിരുന്നെന്നും കത്തിലുണ്ട്.

മൈക്രോ ഫിനാൻസ്, സ്കൂൾ നിയമനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ മഹേശൻ ഉൾപ്പെട്ടിരുന്നു. മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററായ മഹേശനെ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. നിലവിൽ 21 കേസുകൾ മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

Anweshanam
www.anweshanam.com