സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും
Kerala

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ഒരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്.

News Desk

News Desk

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ഒരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ലൈഫ് മിഷന്‍ പദ്ധതിയിലെ കരാറുകാരോട് ശിവശങ്കരനെ കാണാന്‍ യു എ ഇ കോണ്‍സുല്‍ ജനറല്‍ തന്നെ ആവശ്യപ്പെട്ടത് എന്തിനെന്നാണ് പരിശോധിക്കുന്നത്.

ഇന്നലെ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കുന്നതിനിടെ ശിവശങ്കറിന്റെ പേര് പരാമര്‍ശിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാറുകാരായ യൂണിടാക് എന്ന കമ്പനിയുടെ ഉദ്യോഗസ്ഥരോട് എം ശിവശങ്കറിനെ കാണാന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിച്ചതായാണ് കണ്ടെത്തല്‍. സ്വപ്നക്ക് പണം കൈമാറിയ ശേഷമാണിത്. സ്വപ്നയ്ക്ക് ഒരു കോടി രൂപയാണ് കമ്മീഷനായി നല്‍കിയത്. ഇതിന് ശേഷവും ശിവശങ്കറിനെ കാണാന്‍ എന്തിനാണ് കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിച്ചത് ഇക്കാര്യം വിശദമായി അന്വേഷിക്കേണ്ടതുണ്ട് എന്നും ഇഡി വ്യക്തമാക്കുന്നു. യുഎഇയില്‍ താന്‍ ഒരു സര്‍ക്കാര്‍ യോഗത്തിലും പങ്കെടുത്തിട്ടില്ല എന്നും ശിവശങ്കര്‍ സ്വപ്നയുമൊത്ത് മൂന്ന് തവണ വിദേശയാത്ര നടത്തിയെന്നതിന് സ്വപ്ന മറുപടിയായി പറയുന്നു. സുഖമില്ലാതെ കിടക്കുന്ന അച്ഛനെ കാണാനാണ് യുഎഇയില്‍ പോയതെന്നാണ് സ്വപ്നയുടെ വാദം. സ്വപ്ന ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം വിവാഹത്തിന് ശേഷം സൂക്ഷിച്ചതല്ലെന്നും ഇഡി വ്യക്തമാക്കി.

ഇതിനിടെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി നാല് പേരെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. മുഹമ്മദ് അന്‍വര്‍, ഹംജദ് അലി, ടി.എം സംജു, ഹംസത് അബ്ദു സലാം എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.

Anweshanam
www.anweshanam.com