സ്വർണക്കടത്ത് കേസ്: ശിവശങ്കറിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നു
Kerala

സ്വർണക്കടത്ത് കേസ്: ശിവശങ്കറിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം പേരൂര്‍ക്കടയിലെ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂര്‍ക്കടയിലെ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ നേരത്തെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം മറ്റു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ചോദ്യം ചെയ്യയിലേക്ക് നയിച്ചത്. ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍ എന്നാണ് അറിയുന്നത്. ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് എതിരായ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ സംഘടത്തിന് ലഭിച്ചിട്ടുണ്ട്. ശിവശങ്കര്‍ താമസിച്ചിരുന്ന സെക്രട്ടേറിയറ്റിന് സമീപമുള്ള ഫഌറ്റില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതായി എന്‍ഐഎക്ക് വ്യക്തമായിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ മൊഴിയും ശിവശങ്കറിന് എതിരാണ്.

തീവ്രവാദ ബന്ധമുള്ള ഒരു കേസില്‍ ഇതാദ്യമായാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്. ശിവശങ്കറിന് എതിരെ എന്‍ഐഎക്ക് ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ശിവശങ്കറിന്‍െറ മൊഴികളിലുള്ള വെെരുദ്ധ്യം ഉള്‍പ്പെടെ വിഷയങ്ങള്‍ നേരത്ത പുറത്തുവന്നിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് നേരത്തെ കസ്റ്റംസിന്‍െറ ചോദ്യം ചെയ്യലില്‍ വിഷയമായിരുന്നത്. എന്നാല്‍ കേസിന്‍െറ തീവ്രവാദ ബന്ധം ഉള്‍പ്പെടെ വിഷയങ്ങളാണ് എന്‍ഐഎ പരിഗണിക്കുന്നത്. ഈ നിലയില്‍ ഇന്നത്തെ ചോദ്യം ചെയ്യല്‍ ഏറെ നിര്‍ണായകമാണ്.

Anweshanam
www.anweshanam.com