ശിവശങ്കറിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; കിടത്തി ചികിത്സ വേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്

ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കേണ്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ശിവശങ്കറിന് ഇല്ലെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.
ശിവശങ്കറിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; കിടത്തി ചികിത്സ വേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് കിടത്തി ചികിത്സ വേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്. ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കേണ്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ശിവശങ്കറിന് ഇല്ലെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ശിവശങ്കറിനെ ഇന്ന് തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്തേക്കും.

കലശലായ നടുവേദന ഉണ്ടെന്നാണ് എം ശിവശങ്കര്‍ പറയുന്നത്. എന്നാല്‍ ഡിസ്‌കുമായി ബന്ധപ്പെട്ട പ്രശ്‌നമാണിതെന്നും ഗുരുതരമല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വേദന സംഹാരികള്‍ മാത്രം കഴിച്ചാല്‍ മതിയെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. രണ്ട് ദിവസം മുമ്പ് കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തപ്പോഴാണ് ശിവശങ്കറിന് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഹൃദയസംബന്ധമായ പ്രശ്നങ്ങളാണെന്ന സംശയത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാണ് ഹൃദയസംബന്ധമായ കുഴപ്പങ്ങളില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. പിന്നീടാണ് നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ പറഞ്ഞത്.

അതേസമയം, കസ്റ്റംസ് കേസില്‍ എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വരുന്ന വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശം. കേസില്‍ കസ്റ്റംസ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Related Stories

Anweshanam
www.anweshanam.com