
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 വയസുകാരന് മരിച്ചിരുന്നു.
ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കണ്ടെത്തിയത്. സമാനരോഗലക്ഷണം കണ്ടെത്തിയ അഞ്ച് പേര് ഇപ്പോള്‍ ചികിത്സയിലാണ്.
വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് ഷിഗെല്ല രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
എല്ലാ ഷിഗല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.
ചെറിയ രോഗലക്ഷണങ്ങളുള്ളവർക്ക് ചികിത്സയുടെ ആവശ്യമില്ല. രണ്ട് ദിവസം മുതൽ ഏഴ് ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കിൽ ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്.