ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ; പോലീസ് ചോദ്യം ചെയ്യുന്നു
Kerala

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ; പോലീസ് ചോദ്യം ചെയ്യുന്നു

പാലക്കാട് നിന്ന് പുലർച്ചെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ എറണാകുളം പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

By Thasneem

Published on :

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. പാലക്കാട് സ്വദേശി ഷരീഫാണ് പോലീസ് പിടിയിലായത്. പാലക്കാട് നിന്ന് പുലർച്ചെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ എറണാകുളം പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

അൻവർ അലി എന്ന പേരിൽ ഷംനയോട് സംസാരിച്ചത് ഷരീഫാണ് എന്നാണ് കരുതുന്നത്. എന്നാൽ ഇക്കാര്യം വ്യക്തമല്ല. വരനായി വന്ന് തന്നോട് സംസാരിച്ചത് ആരെന്ന് അറിയില്ലെന്ന് ഷംന പറയുന്നു. ഇക്കാര്യങ്ങളിലെല്ലാം ഷരീഫിനെ ചോദ്യം ചെയ്താൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.

അതേസമയം, ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച തട്ടിപ്പ് സംഘം ഉപയോഗിച്ച കാര്‍ കണ്ടെത്തി. തൃശൂരില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. പ്രതികള്‍ താമസിച്ച പാലക്കാട്ടെ ലോഡ്‍ജുകളില്‍ പോലീസ് പരിശോധന നടത്തി. വടക്കഞ്ചേരിയിലും വാളയാറിലും പ്രതികള്‍ മുറിയെടുത്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

മാര്‍ച്ച് ആദ്യവാരത്തിലാണ് ഇവര്‍ ഈ ഹോട്ടലുകളില്‍ താമസിച്ചത്. വടക്കഞ്ചേരിയിലെ ഹോട്ടലില്‍ നാലുദിവസമാണ് തട്ടിപ്പുസംഘം താമസിച്ചത്. ഹോട്ടലിലെ രജിസ്റ്റര്‍ പൊലീസ് പരിശോധിച്ചു. മാര്‍ച്ച് 6 നാണ് ഇവര്‍ ഈ ഹോട്ടല്‍ മുറി ഒഴിഞ്ഞത്. അതിന് ശേഷമാണ് വാളയാറിലെ സൂര്യ ഹോട്ടലില്‍ മുറിയെടുക്കുന്നത്.

Anweshanam
www.anweshanam.com