ബ്ലാക്ക് മെയിൽ കേസിൽ മുഖ്യപ്രതി ഹാരിസ് പിടിയിൽ; സിനിമാക്കാരുമായി അടുത്ത ബന്ധം
Kerala

ബ്ലാക്ക് മെയിൽ കേസിൽ മുഖ്യപ്രതി ഹാരിസ് പിടിയിൽ; സിനിമാക്കാരുമായി അടുത്ത ബന്ധം

നടൻ ധർമ്മജൻ ബോൾഗാട്ടിയോട് രണ്ട് കോടി രൂപ വാഗ്‌ദാനം ചെയ്‌ത്‌ സ്വർണക്കടത്തിന് ആവശ്യപ്പെട്ടിരുന്നതായി ഇയാൾ മൊഴി നൽകിയതായാണ് വിവരം

M Salavudheen

കൊച്ചി: ഷംന കാസിം ബ്ലാക്ക്‌മെയ്‌ലിങ് തട്ടിപ്പ് കേസിൽ വീണ്ടും അറസ്റ്റ്. മുഖ്യപ്രതികളിൽ ഒരാളായ തൃശ്ശൂർ സ്വദേശി ഹാരിസാണ് പിടിയിലായത്. ഹാരിസിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. ഷംന കാസിമിന്റെ കേസിൽ അടക്കം നിർണ്ണായക വിവരങ്ങൾ ഇയാളിൽ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്.

മേക്ക് അപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും പിടിയിലായ ഹാരിസിന് ബന്ധമുണ്ടെന്നാണ് വിവരം. സിനിമാ മേഖലയിൽ ബന്ധങ്ങളുള്ള ഇയാളിൽ നിന്ന് മറ്റുള്ളവർക്കും തട്ടിപ്പുകൾ ഉണ്ടായതായി വിവരം പുറത്തുവരുന്നു. നടൻ ധർമ്മജൻ ബോൾഗാട്ടിയോട് രണ്ട് കോടി രൂപ വാഗ്‌ദാനം ചെയ്‌ത്‌ സ്വർണക്കടത്തിന് ആവശ്യപ്പെട്ടിരുന്നതായി ഇയാൾ മൊഴി നൽകിയതായാണ് വിവരം. സംഭവത്തിൽ ധർമ്മജന്റെ മൊഴി എടുക്കാൻ വേണ്ടി പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

എട്ട് പേരാണ് ഇതുവരെ പിടിയിലായത്. സംഭവത്തിൽ ഇനി മൂന്ന് പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ട്. എന്നാൽ ഇവരിലൊരാൾ കോവിഡ് പോസിറ്റീവാണ്. അതിനാൽ ഇയാളെ ഉടൻ അറസ്റ്റ് ചെയ്യില്ല.

ബ്ലാക്ക് മെയിൽ കേസിൽ ഇതുവരെ ഏഴ് കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഷംന കാസിമിന്റെ കേസും ഉണ്ട്. ഇനിയും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. എന്നാൽ, ഈ സംഭവത്തിൽ ഇതുവരെ ലൈംഗികാതിക്രമമോ, ബലാത്സംഗമോ നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി.

അതേസമയം, ഹൈദരാബാദിൽ സിനിമ ഷൂട്ടിങ്ങിലുള്ള ഷംന കാസിം ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. ഇവർ ക്വാറന്റൈനിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ നാളെ ഷംന കാസിമിന്റെ മൊഴി ഓൺലൈനായി പൊലീസ് രേഖപ്പെടുത്തും. അതിന് ശേഷമാകും തുടരന്വേഷണം.

Anweshanam
www.anweshanam.com