
കൊച്ചി: എറണാകുളം ജില്ലയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഉച്ചയ്ക്ക് മൂന്നു മണിയോടെ രാഷ്ട്രീയപാര്‍ട്ടികളുടെ കൊട്ടിക്കലാശം ആരംഭിക്കും. വൈകുന്നേരം 6 മണി വരെയാണ് പരസ്യ പ്രചാരണത്തിന് സമയം അനുവദിച്ചിരിക്കുന്നത്. കൊട്ടിക്കലാശത്തിലും വാഹന റാലിയിലും റോഡ് ഷോയിലും മൂന്നു വാഹനങ്ങളില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രണ്ടാംഘട്ട പോളിങ് നടക്കുന്ന കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പതിനാലിനാണ് പോളിങ്. പതിനാറിനാണ് വോട്ടെണ്ണല്‍.
അതേസമയം, തിരുവനന്തപുരം പേട്ടയില്‍ മോക് പോളിംഗിനിടെ മൂന്ന് വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മെഷീനുകള്‍ മാറ്റി പുതിയ മെഷീനുകള്‍ എത്തിച്ച് പോളിംഗ് ആരംഭിച്ചു. രാവിലെ ആറുമണിയോടെതന്നെ പോളിംഗ് സ്റ്റേഷനുകളില്‍ മോക് പോളിംഗ് ആരംഭിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിനു തുടങ്ങി വൈകിട്ട് അഞ്ചു വരെ സാധാരണ വോട്ടര്‍മാര്‍ക്കും, അഞ്ചു മുതല്‍ ആറു വരെ കോവിഡ് രോഗികള്‍ക്കും, നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ട് ചെയ്യാം. അഞ്ചു ജില്ലകളിലായി 88,26,620 വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും.