ദുരൂഹത നിറഞ്ഞ് ശാഖ കൊലപാതകം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ശാഖാകുമാരി (51) മരിച്ചത് ഷോക്കേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ദുരൂഹത നിറഞ്ഞ് ശാഖ കൊലപാതകം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണം ശാഖാകുമാരി കൊലപാതകത്തില്‍ ദുരൂഹതയേറുന്നു. ശാഖാകുമാരി (51) മരിച്ചത് ഷോക്കേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വൈദ്യുതാഘാത മേല്‍പ്പിക്കുന്നതിന് മുമ്പ് ശാഖയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. കസ്റ്റഡിയിലുള്ള ഭര്‍ത്താവ് അരുണ്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് നല്‍കുന്നത്.

ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഷോക്കടിപ്പിച്ചു എന്നും ഇയാള്‍ പറഞ്ഞിരുന്നു. മുറിക്കുളളില്‍ രക്തക്കറ കണ്ടതും ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടതും സംശയത്തിനിടനല്‍കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നത്. അതേസമയം, അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം നടത്തിയത്. കൃത്യം നടത്താന്‍ പ്രതിയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. ഇന്നലെയാണ് സംഭവം. ഷോക്കേറ്റെന്ന് പറഞ്ഞാണ് അരുണ്‍ ശാഖയെ കാരക്കോണം മെഡിക്കല്‍ കോളേജിലെത്തിച്ചത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അതിനിടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ശാഖയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു.

രണ്ട് മാസം മുന്‍പാണ് ശാഖാ കുമാരിയും അരുണും വിവാഹിതരായത്. ശാഖയുടെ അച്ഛന്‍ അദ്ധ്യാപകനായിരുന്നു. ഇദ്ദേഹം നേരത്തേ മരിച്ചുപോയി. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുള്ളത്. വന്‍ ഭൂസ്വത്തിന് ഉടമയാണ് ശാഖ. ഒരേക്കറിലധികമുള്ള സ്ഥലത്താണ് ഇവരുടെ വീടിരിക്കുന്നത്. അരുണുമായുളള വിവാഹത്തിന് ശാഖയാണ് മുന്‍കയ്യെടുത്തത്. വീട്ടുകാരോ ബന്ധുക്കളോ ഇല്ലാതെയാണ് അരുണ്‍ വിവാഹത്തിനെത്തിയത്.അരുണിന്റെ പെരുമാറ്റത്തില്‍ ആദ്യംമുതലേ നാട്ടുകാര്‍ക്കു ചില സംശയങ്ങളുണ്ടായിരുന്നു. 10 ലക്ഷം രൂപയ്ക്കു പുറമെ കാറും അരുണിനു ശാഖ വാങ്ങിക്കൊടുത്തിരുന്നു എന്നുമാണ് നാട്ടുകാരും ശാഖയുടെ ചില ബന്ധുക്കളും നല്‍കുന്ന സൂചന.

Related Stories

Anweshanam അന്വേഷണം
www.anweshanam.com