മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു

പ്രത്യേക പൂജകൾ ഇല്ലാത്തതിനാൽ ഇന്ന് തീർത്ഥാടകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു

സന്നിധാനം: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തിലായതിനാല്‍ തന്ത്രി കണ്ഠരര് രാജീവരാണ് നടതുറന്ന് പൂജകള്‍ ചെയ്യുന്നത്. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. നാളെ രാവിലെ 5 ന് നടതുറന്ന് പതിവ് പൂജകള്‍ ആരംഭിക്കും.

പ്രത്യേക പൂജകൾ ഇല്ലാത്തതിനാൽ ഇന്ന് തീർത്ഥാടകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. നാളെ മുതലേ തീർത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ. തീർത്ഥാടകർക്കും ജീവനക്കാർക്കും ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ മുതൽ നിലയ്ക്കൽ നിന്ന് തീർത്ഥാടകരെ കടത്തിവിടും. മകരവിളക്ക് കാലത്തെ നെയ്യഭിഷേകവും പൂജകളും നാളെ രാവിലെ മുതൽ ആരംഭിക്കും. പ്രതിദിനം 5000 തീർത്ഥാടകർക്കാണ് പ്രവേശനാനുമതി. ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗ് 28 മുതൽ ആരംഭിച്ചിരുന്നു.

ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരും ജീവനക്കാരും ഉൾപ്പെടെ എല്ലാവർക്കും 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ നിലയ്ക്കലിൽ നിന്ന് ഭക്തരെ പമ്പയിലേക്കും തുടർന്ന് സന്നിധാനത്തേക്കും കടത്തി വിടുകയുള്ളൂ.

ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള സൗകര്യം നിലയ്ക്കലോ പമ്പയിലോ ഉണ്ടാവില്ല. തീർത്ഥാടകർ പുറത്തുനിന്നും ടെസ്റ്റ് ചെയ്ത് എത്തണം. ഡിസംബർ 30ന് ശേഷം നിലയ്ക്കലിൽ ആന്റിജൻ ടെസ്റ്റും ഉണ്ടാവില്ല.

ജനുവരി 14നാണ് മകരവിളക്ക്. 19 വരെയാണ് ദർശനം ഉണ്ടാകുക. തീർത്ഥാടനകാലത്തിന് സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ശബരിമല നട അടയ്ക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com