ശബരിമല തീർത്ഥാടനം; കോട്ടയം ജില്ലാ കളക്ടര്‍ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

അഞ്ച് പേരിൽ അധികമുള്ള പേട്ടതുള്ളൽ, ഘോഷയാത്ര എന്നിവ നടത്താൻ പാടില്ല.
ശബരിമല തീർത്ഥാടനം; കോട്ടയം ജില്ലാ കളക്ടര്‍ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

കോട്ടയം: കോവിഡ് പ്രോ​ട്ടോക്കോള്‍ പാലിച്ച് തുലാമാസ പൂജക്ക് ശബരിമല തീർത്ഥാടനം നടത്തുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ കോട്ടയം ജില്ലാ കളക്ടർ പുറത്തിറക്കി. എരുമേലി ഉൾപ്പെടെ ജില്ലയിലെ ക്ഷേത്രങ്ങളിലും ഇടത്താവളങ്ങളിലും ഭക്തരെ വിരിവെക്കാൻ അനുവദിക്കില്ല. അഞ്ച് പേരിൽ അധികമുള്ള പേട്ടതുള്ളൽ, ഘോഷയാത്ര എന്നിവ നടത്താൻ പാടില്ല. ഇതിനായി വേഷഭൂഷാദികൾ വാടകക്ക് എടുക്കാനും കൈമാറാനും പാടില്ല.

മണിമലയാർ, മീനച്ചിലാർ എന്നിവക്ക പുറമെ ഇവയുടെ കൈവഴികളിലുമുള്ള കുളിക്കടവിലും പൊതു ജല സ്രോതസ്സുകളിലും ഇറങ്ങുന്നതിനും നിരോധനമുണ്ട്. എരുമേലി വലിയ തോടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഷവറുകൾ കുളിക്കാൻ ഉപയോഗിക്കരുത്. അന്നദാനം അത്യാവശ്യക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതും അത് വാഴയിലയിൽ നൽകേണ്ടതുമാണ്. കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച നിർദ്ദേശങ്ങള്‍ വിവിധഭാഷകളിൽ തയ്യാറാക്കി നൽകാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.

ഏറെ വെല്ലുവിളികളോടെയാണ് മണ്ഡല, മകരവിളക്ക് കാലത്തെ തീർത്ഥാടനമെങ്കിലും ദർശനത്തിനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് പത്തനംതിട്ട ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും. മണ്ഡലകാലത്തിന് മുന്നോടിയായി തുലാമാസ പൂജയ്ക്ക് പ്രതിദിനം 250 പേരെ പ്രവേശിപ്പിക്കാനാണ് ഒടുവിലത്തെ തീരുമാനം.

Related Stories

Anweshanam
www.anweshanam.com