
തിരുവനന്തപുരം: ശബരിമലയിൽ ആശങ്കയായി ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം. ഇതുവരെ 14 പേർക്കാണ് സന്നിധാനത്തും പമ്പയിലും ആയി കോവിഡ് 19 സ്ഥിരീകരിച്ചത്. ശ്രീകോവിലിന് തൊട്ടുമുന്നിലെ തിടപ്പള്ളിയിൽ ജോലിചെയ്തിരുന്ന ദേവസ്വം ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത് ആശങ്ക കൂട്ടുന്നുണ്ട്. കീഴ് ശാന്തി ഉൾപ്പെടെ ഉള്ളവരുമായി സമ്പർക്കത്തിൽ വരുന്ന ആൾക്കാണ് രോഗബാധ ഉണ്ടായത്.
ക്ഷേത്രത്തിനുള്ളിലേക്കുള്ള നിവേദ്യം തയ്യാറാക്കുന്നത് തിടപ്പള്ളിയിൽ ആണ്. ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ചൊവ്വാഴ്ച ഇദ്ദേഹം നാട്ടിൽ പോയിരുന്നു. തുടർന്ന് ചികിത്സ തേടിയപ്പോഴാണ് കോവിഡ് ഉണ്ടെന്ന് വ്യക്തമായത്. ഇതോടെ നിലവിൽ ജോലിയിൽ ഉണ്ടായിരുന്ന 6 ജീവനക്കാരെയും നിരീക്ഷണത്തിൽ ആക്കി.
ശബരിമലയിൽ ഡ്യൂട്ടി മജിസ്ട്രേട്ടിനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതും ആശങ്ക ഉയർത്തുന്നുണ്ട്. ശബരിമലയിലെ പ്രതിദിന അവലോകന യോഗങ്ങൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൂടിയാണ് നടന്നിരുന്നത്. ഡെപ്യൂട്ടി തഹസിൽദാർ കൂടിയായ ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.