ശബരിമല വിമാനത്താവളം; അഴിമതി ആരോപണവുമായി ബി.ജെ.പി 
Kerala

ശബരിമല വിമാനത്താവളം; അഴിമതി ആരോപണവുമായി ബി.ജെ.പി 

വിമാനത്താവളത്തിനു വേണ്ടി സർക്കാർ ഭൂമിയാണ് പണം കൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു

News Desk

News Desk

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വൻ അഴിമതി നടക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. സർക്കാർ ഭൂമിയാണ് പണം കൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നതെന്നാണ് സുരേന്ദ്രന്‍റെ ആരോപണം.

ഭൂമി വില കൊടുത്ത് വാങ്ങുന്നതിന് പിന്നിൽ വലിയ അഴിമതിയുണ്ട്. ഭൂമിയിൽ ബിലീവേഴ്സ് ചർച്ചിന് അവകാശമില്ല. ഉടമസ്ഥാവകാശം ഇവർക്ക് സ്ഥാപിച്ച് കൊടുക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ബിലീവേഴ്സ് ചർച്ചുമായി ഈ കാര്യത്തിൽ ധാരണയായിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഭൂമി വില കൊടുത്ത് വാങ്ങുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം. സി.പി.ഐ ഈ കാര്യത്തിൽ അഭിപ്രായം പറയണം. കോൺഗ്രസ് ബിലീവേഴ്സ് ചർച്ചിനൊപ്പമാണെന്നും, വിഷയത്തിൽ മുല്ലപ്പള്ളിയുടെയും, ചെന്നിത്തലയുടെയും, ഉമ്മൻ ചാണ്ടിയുടെയും നിലപാട് അറിയാൻ താൽപ്പര്യമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന സർക്കാർ പ്രതിരോധത്തിലാവുന്ന ഘട്ടത്തിലെല്ലാം കോൺഗ്രസ് തങ്ങളെ അടിക്കാനുള്ള വടി കൊടുക്കാറുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ മുല്ലപ്പള്ളി നടത്തിയ വിവാദ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

Anweshanam
www.anweshanam.com