
കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവ് ആര്.ബാലശങ്കര്‍. സംസ്ഥാന നേതൃത്വത്തിന് മാഫിയ സ്വഭാവമാണെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപര്‍ കൂടിയായ ബാലശങ്കര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് സംസ്ഥാന നേതൃത്വം സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടിക്ക് വേണ്ടി 40 വര്‍ഷം പ്രവര്‍ത്തിച്ച തന്നെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും കേരളത്തിലെ നേതാക്കള്‍ മാഫിയ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങിയതെന്നും ബാലശങ്കര്‍ പറഞ്ഞു.
തനിക്ക് വിജയസാധ്യതയുള്ള മണ്ഡലമാണ് ചെങ്ങന്നൂരെന്നും അനുയോജ്യ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള മണ്ഡലത്തില്‍ എന്നെ ഒഴിവാക്കിയതിലെ യുക്തി തനിക്ക് മനസ്സിലാകുന്നില്ല. ചെങ്ങന്നൂരും ആറന്മുളയും വിജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളാണ്. ഇപ്പോള്‍ സീറ്റ് നല്കിയ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ അപ്രസക്തരാണെന്നും അദ്ദേഹം ആരോപിച്ചു.
ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി സിപിഎം നേതൃത്വത്തിന് വേണ്ടപ്പെട്ടയാളാണ്. ചെങ്ങന്നൂരില്‍ തന്റെ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനു പിന്നില്‍ ബിജെപി-സിപിഎം ധാരണയുണ്ടാവാം. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ ജയം ഉറപ്പാക്കുന്നതിനു പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ധാരണയെന്നും ബാലശങ്കര്‍ പറയുന്നു.
കോന്നി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാമതു വന്ന സ്ഥാനാര്‍ഥി എന്തിനാണ് ഇപ്പോള്‍ വീണ്ടും മത്സരിക്കുന്നത്? അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോ. ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. കുറഞ്ഞ ദിവസത്തിനുള്ളില്‍ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമമാണ്. പത്രിക സമര്‍പ്പിക്കാന്‍ മാത്രം മൂന്നു ദിവസം യാത്രയ്ക്കു വേണ്ടി വരും.
ഹെലികോപ്റ്ററില്‍ പ്രചാരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ ചോദ്യം ചെയ്തയാളാണ് പറയുന്നത്. ഈ നേതൃത്വവുമായാണ് കേരളത്തില്‍ ബിജെപി മുന്നോട്ടുപോവുന്നതെങ്കില്‍ മുപ്പതു കൊല്ലത്തേക്ക് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈ സംഘം മാറാതെ രക്ഷയില്ലെന്നു ബാലശങ്കര്‍ പറഞ്ഞു.