പിണറായി സർക്കാർ അധികാരത്തിൽ തുടരുന്നത് ലജ്ജാകരം: എൻ വേണു

പ്രളയ ദുരിതാശ്വാസഫണ്ട് മുക്കിയവരെയും സഹായിക്കാൻ നേതൃത്വം നൽകിയ മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള ഗൂഡ സംഘത്തെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ തീവ്രപരിശ്രമമാണ് തകർന്നടിഞ്ഞത്
പിണറായി സർക്കാർ അധികാരത്തിൽ തുടരുന്നത് ലജ്ജാകരം: എൻ വേണു

കോഴിക്കോട്; കേരളത്തെ ഞെട്ടിച്ച അഴിമതിയുടെയും കള്ളക്കടത്തിന്റെയും അധികാര ദുർവിനിയോഗത്തിന്റെയും കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ വേണു. ഇതിന്റെ നിഷേധിക്കാനാവാത്ത തെളിവാണ് ശിവശങ്കറിന്റെ അറസ്റ്റെന്നും പിണറായി സർക്കാർ അധികാരത്തിൽ തുടരുന്നത് കേരളീയ സമൂഹത്തിന് ലജ്ജാകരമാണെന്നും എൻ വേണു പ്രസ്താവനയിൽ പറഞ്ഞു.

ശിവശങ്കറിനെഅറസ്റ്റ് ചെയ്തതോടു കൂടി സ്വർണ്ണ കള്ളകടത്തുകാരെയും പ്രളയ ദുരിതാശ്വാസഫണ്ട് മുക്കിയവരെയും സഹായിക്കാൻ നേതൃത്വം നൽകിയ മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള ഗൂഡ സംഘത്തെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ തീവ്രപരിശ്രമമാണ് തകർന്നടിഞ്ഞത്. നെഞ്ചുവേദന എന്ന നാടകം കളിച്ച് സിപിഎം നേതാക്കൾ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ മുൻപ് നടത്തിയ കളിയുടെ ആവർത്തനമാണ് ശിവശങ്കരൻ നടത്തിയത് - വേണു പറഞ്ഞു.

ഖജനാവ് കൊള്ളയടിച്ചും രാജ്യദ്രോഹികളെ സഹായിക്കാനും കൂട്ടുനിന്നവർ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാൻ പാടില്ലാത്തതും ലാവ്‌ലിൻ അഴിമതിയുടെ മറ്റൊരു ഒത്തുതീർപ്പ് രൂപം ഈ കേസ്സിൽ ഉണ്ടാകാതിരിക്കാൻ നീതിപീഠം ജാഗ്രത കാണിക്കേണ്ടതാണ്. അന്വേഷണം നേരാംവഴിയിൽ നടന്നാൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ള വമ്പന്മാർക്ക് ബീഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിനെപ്പോലെ അഴികൾ എണ്ണേണ്ടി വരുമെന്നും വേണു പ്രസ്താവനയിൽ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com