ജയില്‍ വകുപ്പിനെതിരായ വ്യാജപ്രചാരണം; കെ സുരേന്ദ്രന് എതിരെ നിയമ നടപടിയുമായി ഋഷിരാജ് സിംഗ്

ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ മന്ത്രിമാര്‍ക്ക് വേണ്ടി നിരവധി പേര്‍ ജയിലില്‍ സ്വപ്നയെ സന്ദര്‍ശിച്ചുവെന്ന സുരേന്ദ്രന്റെ പരാമര്‍ശത്തിലാണ് നടപടി
 ജയില്‍ വകുപ്പിനെതിരായ വ്യാജപ്രചാരണം; കെ സുരേന്ദ്രന് എതിരെ നിയമ നടപടിയുമായി ഋഷിരാജ് സിംഗ്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ നിയമ നടപടിയുമായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്. ജയില്‍ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിംഗ് സുരേന്ദ്രനോട് ആവശ്യപ്പെട്ടു. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ മന്ത്രിമാര്‍ക്ക് വേണ്ടി നിരവധി പേര്‍ ജയിലില്‍ സ്വപ്നയെ സന്ദര്‍ശിച്ചുവെന്ന പരാമര്‍ശത്തിലാണ് നടപടി.

സ്വർണ കടത്ത് കേസിലെ പ്രതിക്ക് ജയിലിൽ അനധികൃതമായി സന്ദർശക സൗകര്യം നൽകിയിട്ടില്ല. വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ വൻവലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിം​ഗ് സുരേന്ദ്രന് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മന്ത്രി തോമസ് ഐസക്കിനും മുഖ്യമന്ത്രിക്കും വേണ്ടിസ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലില്‍ പലരും സന്ദര്‍ശിച്ചുവെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണം. പ്രതിയെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന് കസ്റ്റംസിന്റെ അനുമതി വാങ്ങിയില്ല. സന്ദര്‍ശന വിവരങ്ങള്‍ ജയില്‍ രജിസ്റ്ററില്‍ ഇല്ലെന്നും ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ നൂറോളം പേര്‍ സ്വപ്നയെ സന്ദര്‍ശിച്ചുവെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

സ്വപ്നയെ ഭര്‍ത്താവ്, രണ്ടു മക്കള്‍, അമ്മ, സഹോദരന്‍ എന്നി അഞ്ചുപേര്‍ മാത്രമാണ് ഇതുവരെ സന്ദര്‍ശിച്ചിട്ടുള്ളത്. മാത്രമല്ല ഈ കൂടിക്കാഴ്ചകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു. ജയില്‍ രജിസ്റ്ററിലും സിസിടിവി ദൃശ്യങ്ങളിലും ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും ജയില്‍ വകുപ്പ് വ്യക്തമാക്കുന്നു. പ്രസ്താവന പിന്‍വലിച്ച്‌ മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിംഗ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Related Stories

Anweshanam
www.anweshanam.com