പാലാരിവട്ടം പാലം: ഇന്ന് രാവിലെ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗത നിയന്ത്രണം

രാവിലെ പത്ത് മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക
പാലാരിവട്ടം പാലം: ഇന്ന് രാവിലെ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗത നിയന്ത്രണം

കൊച്ചി: പാലാരിവട്ടം ബൈപാസില്‍ ഇന്ന് രാവിലെ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. രാവിലെ പത്ത് മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. മേല്‍പ്പാലത്തിനടിയിലൂടെ കാക്കനാട് ഭാഗത്തേക്കും തിരിച്ചും വാഹനങ്ങള്‍ കടത്തി വിടില്ല.

പാലത്തിന് അടിയിലൂടെ കടത്തി വിടില്ലെങ്കിലും പാലത്തിന് അപ്പുറത്തുള്ള യു ടേൺ ഉപയോഗിച്ച് അപ്പുറം കടക്കാം. ഇതിനായി പാലത്തിനു ഇരു വശത്തുമായി യു ടേണിനുള്ള സൗകര്യം ഏര്‍പ്പെടുത്തി. മുൻപ് ഒബ്റോണ്‍ മാള്‍, മെഡിക്കല്‍ സെന്‍റര്‍ എന്നിവിടങ്ങളിലുമാണ് യു ടേണ്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. ഇതിന് പുറമെയാണ് പാലത്തിനിരുവശത്തും ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയത്.

ബൈപാസ് ജംഗ്ഷനിലെ സിഗ്നലും ഉണ്ടാകില്ല. പാലാരിവട്ടം ഭാഗത്തുനിന്നും കാക്കനാട്ടേക്ക് പോകേണ്ട വാഹനങ്ങള്‍ പാലത്തിന്‍റെ ഇടപ്പള്ളി ഭാത്തുള്ള യുടേണിലൂടെ കടന്ന് പോകണം. ഇടപ്പള്ളി ഭാഗത്തുനിന്നും വരുന്നവക്ക് പാലത്തിന്‍റെ വൈറ്റില ഭാഗത്തും യുടേണ്‍ സൗകര്യമുണ്ട്. രണ്ട് ഭാഗത്തുമുള്ള ഇട റോഡുകളും നരഗത്തിലേക്ക് എത്താന്‍ ഉപയോഗിക്കാം. പാലത്തിന്‍റെ രണ്ട് വശങ്ങളിലൂടെയും വാഹനം ഓടിക്കാം.

ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കും. വിജയിച്ചാല്‍ സിഗ്നലുകള്‍ സ്ഥാപിക്കും. ഇതിനിടെ പാലത്തിന് മുകളിലെ ഡിവൈഡറുകള്‍ നീക്കുന്ന പണികള്‍ പുരോഗമിക്കുകയാണ്. അടുത്ത ദിവസം മുതല്‍ ഇരുഭാഗത്തുമുള്ള പാരപ്പെറ്റുകള്‍ മുറിച്ചു മാറ്റും. തുടര്‍ന്നാണ് പാലത്തിലെ കോണ്‍ക്രീറ്റും ഗര്‍ഡറുകളും നീക്കം ചെയ്യുക.

Related Stories

Anweshanam
www.anweshanam.com