ഇതാണോ ജനകീയ പോലീസ്? ഇത് ശുദ്ധ അഹങ്കാരമാണ്; പോലീസിൽ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് രശ്മി മാക്സിം

ഇതാണോ ജനകീയ പോലീസ്? ഇത് ശുദ്ധ അഹങ്കാരമാണ്; പോലീസിൽ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് രശ്മി മാക്സിം

തിരുവനന്തപുരം: വാരാന്ത്യങ്ങളിൽ മിനി ലോക്ക് ഡൗണിൽ അത്യാവശ്യത്തിനായി പുറത്തിറങ്ങേണ്ടി വന്ന യുവതിക്ക് പോലീസിൽ നിന്ന് നേരിടേണ്ടിവന്നത് ദുരനുഭവം. പ്രോസസ്സ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റും ന്യൂട്രീഷൻ കോച്ചുമായ രശ്മി മാക്സിമിനാണ് ദുരനുഭവമുണ്ടായത്. ഇവർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുയത്.

സത്യവാങ്മൂലവുമായി അത്യാവശ്യത്തിന് പുറത്തിറങ്ങിയ രശ്മിയെ കേൾക്കാൻ കൂടി സമ്മതിക്കാതെ സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. തുടർന്ന് കാര്യം പോലും ചോദിക്കാതെ 500 രൂപ പിഴ അടക്കാൻ പറയുകയായിരുന്നു. എന്നാൽ ഇതിൽ വിശദീകരണം ചോദിച്ച അവതാരക കൂടിയായ രശ്മിയോട് അടക്കാൻ പറഞ്ഞ തുക കൂട്ടി പറയുകയാണുണ്ടായത്. ഇനി 2000 രൂപ അടച്ചിട്ട ഇവരെ വിട്ടാൽ മതിയെന്നായിരുന്നു വെഞ്ഞാറന്മൂട് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ പറഞ്ഞതെന്ന് രശ്മി പറയുന്നു.

ഇന്നലെ കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് തനിച്ച് താമസിക്കുന്ന അമ്മയെ കാണാൻ വേണ്ടി പോയതായിരുന്നു രശ്മി മാക്സിം. ഇന്നലെ തന്നെ മടങ്ങണമെന്നും കരുതിയിരുന്നെങ്കിലും അവർക്ക് അതിന് സാധിച്ചില്ല. അതിനാൽ സത്യവാങ്മൂലവും എഴുതി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഇവർ. വരുന്ന വഴിയിൽ ആകെ അഞ്ച് ഇടത്ത് ചെക്കിങ് ഉണ്ടായിരുന്നു. ഇതിൽ നാലിടത്തും സുഗമമായി കടന്ന് പോയപ്പോൾ വെഞ്ഞാറന്മൂടിൽ വെച്ചാണ് ദുരനുഭവം ഉണ്ടായത്.

വെഞ്ഞാറന്മൂടിൽ വെച്ച് കാർ തടഞ്ഞ ഉദ്യോഗസ്ഥനോട് കാര്യം പറയാൻ ശ്രമിച്ചെങ്കിലും നേരെ സ്റ്റേഷനിലേക്ക് പോകാനാണ് പറഞ്ഞത്. തന്നോട് മാത്രമല്ല മറ്റു പലരോടും ഇത് തന്നെയാണ് പറയുന്നത്. സ്റ്റേഷനിൽ എത്തിയതോടെ മറ്റൊന്നും അന്വേഷിക്കാതെയാണ് ഫൈൻ അടക്കാൻ പറഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോൾ ഫൈൻ കൂട്ടുകയാണ് ചെയ്തത്. എസ്‌ഐ യോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ താൻ തന്നെയാണ് എസ്ഐ എന്ന് വെളിപ്പെടുത്താതെ എസ്‌ഐ പട്രോളിംഗിന് പോയി എന്നാണ് സ്റ്റേഷനിൽ ഉണ്ടായിരുന്ന എസ്‌ഐ പറഞ്ഞത്. നമ്പർ ചോദിച്ചപ്പോൾ പുറത്തെ ബോർഡിൽ കാണും വേണമെങ്കിൽ നോക്കി വിളിച്ചോ എന്നായി ഭാഷ്യം.

നോട്ടിസ് ബോർഡിലെ നമ്പറിൽ വിളിച്ചപ്പോൾ സിഐയാണ് ഫോൺ എടുത്തത്. സിഐയോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം സ്റ്റേഷനിൽ വിളിച്ച് പറഞ്ഞതിന് ശേഷമാണ് ഇവരെ പോകാൻ അനുവദിച്ചത്. അതും ഇതൊരു വാണിംഗ് ആയി കാണണം എന്ന് പറഞ്ഞായിരുന്നു പറഞ്ഞ് അയച്ചത്. ഇത് പോലീസിന്റെ അഹങ്കാരമാണെന്ന് രശ്മി പറയുന്നു. തന്നെ പോലെ തർക്കിക്കാൻ കഴിയാത്ത നിരവധി പേരെ ഇത് പോലെ സ്റ്റേഷനിൽ എത്തിക്കുകയും ഇവരിൽ നിന്ന് പണം ഈടാക്കുകയും ചെയ്യുന്നുണ്ടെന്നും രശ്മി പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com