രക്ഷാപ്രവര്‍ത്തനം നടത്തിയവർ ക്വാറന്റീനില്‍ പ്രവേശിക്കണം, വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്: മന്ത്രി
Kerala

രക്ഷാപ്രവര്‍ത്തനം നടത്തിയവർ ക്വാറന്റീനില്‍ പ്രവേശിക്കണം, വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്: മന്ത്രി

രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.

News Desk

News Desk

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റവരെ രക്ഷിക്കാന്‍ സമയോചിതമായി ഇടപെട്ടു രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ദുരന്തത്തിന്റെ ആഴം കുറച്ചതു നല്ലവരായ ജനങ്ങളുടെ നല്ല മനസ് ഒന്നുകൊണ്ട് മാത്രമാണ്. നാട്ടുകാര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, സുരക്ഷാ ജീവനക്കാര്‍, ആംബുലന്‍സ് പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായാണ് ദുരന്ത മുഖത്തു പ്രവര്‍ത്തിച്ചത്.

പെട്ടന്നുണ്ടായ ദുരന്തത്തിന്റെ നടുക്കത്തില്‍ പലരും കോവിഡ് പ്രോട്ടോകോള്‍ പോലും പാലിക്കാന്‍ സാധിക്കാതെയാണു ദുരന്തമുഖത്തേയ്ക്ക് ഇറങ്ങിയത്. പരമാവധി ആള്‍ക്കാരെ രക്ഷിക്കാനും സാധിച്ചു. അതേസമയം കണ്ടെയ്ന്‍‍മെന്റ് സോണായ എയര്‍പോര്‍ട്ട് പരിസരത്ത‌ു രക്ഷാദൗത്യവുമായിറങ്ങിയ എല്ലാവരും സ്വരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കും വേണ്ടി ജാഗ്രത പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ഇതുസംബന്ധിച്ച്‌ വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എല്ലാവരും മുന്‍കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തിനായി ക്വാറന്റീനില്‍ പ്രവേശിക്കണം. എല്ലാവരുടേയും പരിശോധനകള്‍ നടത്തും. ആരും ഇതൊരു ബുദ്ധിമുട്ടായി കരുതരുത്.

Anweshanam
www.anweshanam.com