പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല; മന്ത്രിക്ക് മുന്‍പില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍
Kerala

പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല; മന്ത്രിക്ക് മുന്‍പില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍

നിലവില്‍ വലിയ പാറകള്‍ നിറഞ്ഞ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണ്.

News Desk

News Desk

ഇടുക്കി: പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിക്ക് മുന്‍പില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. രാവിലെ പതിനൊന്ന് മണിയോടെയാണ് മന്ത്രി എംഎം മണി മൂന്നാറിലെത്തിയത്. നാല് പേരാണ് മൂന്നാര്‍ ഹൈ റേഞ്ച് ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നത്. ഇവരെ മന്ത്രി സന്ദര്‍ശിച്ചു.

നിലവില്‍ വലിയ പാറകള്‍ നിറഞ്ഞ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണ്. ആറ് മണ്ണ് മാന്തി യന്ത്രങ്ങളാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. മണ്ണിനടിയിലുള്ള ജീവനുകളെ കണ്ടെത്താന്‍ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാറുകള്‍ ഉപയോഗിക്കാനാണ് എന്‍ഡിആര്‍എഫ് തീരുമാനം. ദുരന്തം നടന്ന് രണ്ട് ദിവസം ആകുമ്പോഴും 23 പേരെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. എന്‍ഡിആര്‍എഫിന്റെ 58 അംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.

അതേസമയം ദുരന്തത്തില്‍ മരിച്ച 17 പേരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടരുകയാണ്. രാജമല എസ്റ്റേറ്റ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്. അപകടത്തില്‍പ്പെട്ട അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.

പെട്ടിമുടിക്ക് താഴെയായായി വലിയൊരു തോട് ഒഴുകുന്നത്. വീടിന്റെ അവശിഷ്ടങ്ങള്‍ അടക്കം വെള്ളത്തില്‍ ഒഴുകിപ്പോയിട്ടുണ്ട്. മൃതദേഹങ്ങള്‍ പലതും തോടിന് പുറത്തേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.

83 പേരെയാണ് കാണായത് എന്നത് ടാറ്റ കമ്പനിയുടെ കണക്കാണെന്നും ഇവിടെ താമസിച്ചിരുന്നവരുടെ ബന്ധുക്കളടക്കം നിലവില്‍ അവിടെ താമസിച്ചിരുന്നെന്നും ഇവരുടെ കണക്ക് പട്ടികയില്‍ ഇല്ലെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

Anweshanam
www.anweshanam.com