
കൊച്ചി: റിമാന്‍ഡില്‍ കഴിയവേ ജയിലില്‍ വെച്ച് മരിച്ച ഷഫീക്കിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക നിഗമനം. തലയുടെ മുൻഭാഗത്ത് ക്ഷതമേറ്റിട്ടുണ്ട്. ഇടതുകണ്ണിന് മുകളിലായാണ് മുറിവ്. ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചു. തലയിലെ പരുക്കിനെ തുടർന്നാണ് ആന്തരിക രക്തസ്രാവം ഉണ്ടായതെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവി രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടന്നത്. നാളെ കോട്ടയം മെഡിക്കൽ കോളേജിലും തെളിവെടുപ്പ് നടത്തിയ ശേഷമാകും ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കുക. അപസ്മാരവും ഛർദിയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ ശാസ്ത്രക്രിയക്ക് വിധേയമാക്കും മുമ്പാണ് മരിച്ചത്. ഉദയംപേരൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ ഷെഫീക്കിന് ക്രൂരമർദനം ഏറ്റെന്നും, സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.
ഉദയംപേരൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയിൽ നിന്ന് പണം തട്ടിയെന്ന കേസിൽ തിങ്കളാഴ്ചയാണ് ഷെഫീക്ക് അറസ്റ്റിലായത്. റിമാൻഡിൽ കഴിയവെ ആശുപത്രിയിലെത്തിച്ച ഷെഫീക്ക് ഇന്നലെ വൈകിട്ട് മരിച്ചു. ഷെഫീഖിന്റെ കസ്റ്റഡി മരണത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയായെന്ന് മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ പ്രതികരിച്ചു.