പിപിഇ കിറ്റുകള്‍ വെറുതെ കിട്ടും: സര്‍ക്കാരിനെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല
Kerala

പിപിഇ കിറ്റുകള്‍ വെറുതെ കിട്ടും: സര്‍ക്കാരിനെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല

പ്രവാസികളുടെ മടക്കത്തില്‍ സര്‍ക്കാര്‍ ആദ്യം മുതല്‍ തെറ്റായ നടപടികളാണ് സ്വീകരിച്ചത്.

News Desk

News Desk

തിരുവനന്തപുരം: പിപിഇ കിറ്റുകള്‍ പ്രവാസികള്‍ക്ക് വെറുതെ കിട്ടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട പകരം പിപിഇ കിറ്റുകള്‍ മതിയെന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ചെന്നിത്തലയുടെ പ്രതികരണം.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട പിപിഇ കിറ്റ് മതിയെന്ന നടപടി സര്‍ക്കാര്‍ മുഖംരക്ഷിക്കാന്‍ ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.

‘പിപിഇ കിറ്റ് ധരിച്ചത് കൊണ്ട് ഒരു വ്യത്യാസവും ഉണ്ടാവാന്‍ പോകുന്നില്ല. ദുബായിലൊക്കെ പിപിഇ കിറ്റ് എല്ലാവരും കൊടുക്കുന്നതാണ്. അത് നേരത്തെ അങ്ങ് പറഞ്ഞാല്‍ പോരായിരുന്നോ. സര്‍ക്കാര്‍ ആദ്യം മുതല്‍ ഇതില്‍ എടുത്തു വന്നത് തെറ്റായ നടപടിയാണ്. നോണ്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണം ട്രൂനാറ്റ് പരിശോധന വേണം എന്നൊക്കെ പറഞ്ഞതെന്തിനായിരുന്നു,’ ചെന്നിത്തല ചോദിച്ചു.

ആരോടും ആലോചിക്കാതെ തീരുമാനങ്ങള്‍ എടുത്തതിനാലാണ് പലതവണയായി തിരുത്തേണ്ടി വരുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഗള്‍ഫില്‍ മാത്രം 300ഓളം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്, നേരത്തെ അവരെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇവിടെ കേസുകള്‍ ഒഴിവാക്കാമായിരുന്നെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്തിനാണ് ലോക കേരള സഭ? അതിന്റെ നേതൃത്വത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കില്ലേ എന്നും ചെന്നിത്തല ചോദിച്ചു.

Anweshanam
www.anweshanam.com